വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായി, വിമാനം വൈകിയത് മണിക്കൂറുകൾ

വനിതാ പൈലറ്റ് മദ്യലഹരിയിൽ ആയതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ യാത്ര മുടങ്ങിയത് മണിക്കൂറുകൾ. തുർക്കിഷ് വംശജയായ പൈലറ്റിന്റെ ചെയ്തികൾ കാരണം ബുധനാഴ്;ച അർദ്ധരാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം 180 യാത്രക്കാരുമായി അഞ്ച് മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്.

ഒരു വർഷം മുമ്പാണ് സ്പൈസ് ജെറ്റ് മംഗളൂരുവിൽ നിന്നും ദുബായിലേക്ക് സർവീസ് തുടങ്ങിയത്. വിമാനവും ജീവനക്കാരുമെല്ലാം തുർക്കിയിലെ കോറണ്ടോൻ എയർലൈൻസിൽ നിന്നും വാടകയ്ക്കെടുത്താണ് സർവീസ് നടത്തുന്നത്. ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ 180 യാത്രക്കാരും സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് പൈലറ്റിനെ മദ്യപിച്ച നിലയിൽ പിടിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയെ കരുതി വിമാനത്താവള ജീവനക്കാർ പൈലറ്റിനെ തടയുകയും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പൈലറ്റ്അമിത അളവിൽ മദ്യം ഉപയോഗിച്ചതായി കണ്ടെത്തിയത്. പിന്നീട് മറ്റൊരു പൈലറ്റ് എത്തിയാണ് വിമാനം സർവീസ് നടത്തിയത്.

അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത പൈലറ്റിന് അന്വേഷണം തീരുംവരെ ഒരു വിമാനവും പറത്താനാകില്ല. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഇവരുടെ പൈലറ്റ് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.