ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സിൽ സിബിഐ റെയ്ഡ്

ഇരുമ്പയിര് കയറ്റുമതി ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്‍റെ (ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്) തിരുവനന്തപുരം, കോട്ടയം, ബാംഗ്ളൂര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും സി ബി ഐ റെയ്ഡ്. മുന്‍ ചെയര്‍മാനും നിലവില്‍ ഉപദേശകനുമായ എം അയ്യപ്പന്‍, മുന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ ബി ചന്ദ്രശേഖരന്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഫിനാന്‍സ്) സത്യവാഗീശ്വരന്‍, പ്രൊക്യൂര്‍മെന്‍റ് ആന്‍റ് കണ്‍സള്‍ട്ടിംഗ് ഡിവിഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ പി ഹരിപ്രസാദ്, ബാംഗളൂരിലെ രാമ ഷിപ്പിംഗ് സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് നാരായണന്‍ എന്നിവരുടെ വീടുകളിലാണ് കൊച്ചിയിലെ സി ബി ഐയുടെ അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയത്.

കേസിലെ പ്രതിയായ ബാംഗളൂരിലെ രാമ ഷിപ്പിംഗ് സര്‍വീസസിലും റെയ്ഡ് നടന്നു. ഇരുമ്പയിര് ഇറക്കുമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ റെയ്ഡില്‍ സി ബി ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

എം അയ്യപ്പന്‍ തിരുവനന്തപുരത്തെ വിവിധ ബാങ്കുകളില്‍ 2.5 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന്‍റെ രേഖകളും സി ബി ഐ പിടിച്ചെടുത്തിട്ടുണ്ട്. 12 ബാങ്കുകളിലാണ് അയ്യപ്പന് നിക്ഷേപമുള്ളത്. ഈ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങള്‍ സി ബി ഐ ശേഖരിച്ചു. അയ്യപ്പന്‍റെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ തൂക്കം പരിശോധിക്കുന്നതേയുള്ളൂ.2007-2008 കാലഘട്ടത്തില്‍ കമ്പനി നടത്തിയ ഇരുമ്പയിര് കയറ്റുമതിയിലാണ് സി ബി ഐ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.

വാണിജ്യാടിസ്ഥാനത്തില്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍2005 ലാണ് എച്ച് എല്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുന്നത്. ഉല്‍പാദകരില്‍ നിന്നും ഇരുമ്പയിര് ശേഖരിച്ച് എക്‌പോര്‍ട്ടര്‍ എച്ച് എല്‍ എല്ലിന്റെ പേരില്‍ കയറ്റുമതി ചെയ്യാനായിരുന്നു തീരുമാനം. ഈ തീരുമാനത്തിന്റെ ചുവടു പിടിച്ച് രാമ ഷിപ്പിംഗ് കമ്പനിയുമായി എച്ച് എല്‍ എല്‍ ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഇരുമ്പയിര് ശേഖരിക്കുന്നതിന് എക്‌സ്‌പോര്‍ട്ടര്‍ക്ക് മുന്‍കൂറായി രണ്ടു കോടി രൂപ ബാങ്ക് ഗ്യാരണ്ടി പോലുമില്ലാതെ നല്‍കിയെന്നും കമ്പനിക്ക് നഷ്ടം വരുത്തിയെന്നുമാണ് ആരോപണം.

ഇരുമ്പയിര് വാങ്ങാമെന്നേറ്റിരുന്ന ദുബായിലെ എമിറേറ്റ്‌സ് ട്രേഡിംഗ് ഏജനന്‍സിയില്‍ നിന്ന് ബയിംഗ് ഓര്‍ഡറോ ലെറ്റര്‍ ഓഫ് ക്രെഡിറ്റോ ലഭിക്കാതിരുന്നതിനാല്‍ കയറ്റുമതി നടന്നില്ല. നേരത്തെ ടെണ്ടര്‍ ലഭിച്ച കമ്പനി പിന്‍മാറിയതിനെ തുടര്‍ന്ന് ടെണ്ടറില്‍ പങ്കെടുക്കാത്ത രാമ ഷിപ്പിംഗ് കമ്പനിക്ക് കരാര്‍ നല്‍കിയതിലും ക്രമക്കേട് നടന്നതായി സി ബി ഐ ആരോപിക്കുന്നു.