കേന്ദ്രത്തെ താറടിച്കൊണ്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. ജനവിധി അനുസരിച്ച് പിണറായി സര്‍ക്കാരിന് ഉയരാന്‍ കഴിഞ്ഞെന്ന് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം, ഇരുപത് മാസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് കേരളത്തിന്റെ സാമ്പത്തിക നിലയെ കാര്യമായി ബാധിച്ചുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വേണ്ടത്ര മുന്നൊരുക്കമില്ലാതെയായിരുന്നു കേന്ദ്രത്തിന്റെ ഈ നടപടികള്‍ എന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്ന് വിലയിരുത്തലുണ്ടെന്നും, കേരളത്തിലെ ക്രമസമാധാന നില മികച്ചതാണെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം സുരക്ഷിത ഇടമല്ല എന്ന പ്രചരണം ശരിയല്ലെന്നും, തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും, എന്നാല്‍, ഇതിന്റെ പേരില്‍ കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ പ്രഖ്യാപനങ്ങള്‍

*സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും
*തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങളെ ഏര്‍പ്പെടുത്തും

*ഫൊറന്‍സിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും
* തൊഴിലുകള്‍ പലതും പരമ്പരാഗത രീതികളില്‍ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകള്‍ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങള്‍ തുറക്കും. ഈ സാഹചര്യത്തില്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം

*ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന
*കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
*സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍
*അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മിനിമം വേതനം ഉറപ്പാക്കും, ഇതിനായി നിയമനിര്‍മാണം നടത്തും
*അടിസ്ഥാനസൗകര്യ വികസനത്തിന് നാല് പദ്ധതികള്‍ നടപ്പാക്കും
*പൊലീസില്‍ വനിതകളുടെ സാന്നിദ്ധ്യം 25 ശതമാനമാക്കും
* ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി
*ഓഖി ദുരന്തം സര്‍ക്കാര്‍ മികച്ച രീതിയില്‍ നേരിട്ടു, ദുരന്തനിവാരണം കാര്യക്ഷമമാക്കണം
*കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
*100 ശതമാനവും വെളിയിട വിസര്‍ജ്ജ മുക്ത സംസ്ഥാനമായി കേരളം മാറി
*100% വൈദ്യുതീകരണം നടപ്പാക്കി
*മാനവശേഷിയില്‍ രാജ്യത്ത് കേരളം ഒന്നാമത്
*ക്രമസമാധാന നില മികച്ച നിലയില്‍
*ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണ്
*അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതര്‍
*കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും മറികടക്കണം
*വികസന കാഴ്ചപ്പാടില്‍ പരിസ്ഥിതിയേയും പരിഗണിക്കണം