വാർത്തക്ക് പിന്നിൽ ദുരുദ്ദേശം; പരാതി പഴയത്, ഒത്തുതീർത്തു : ബിനോയ് കോടിയേരി

നിക്കെതിരെയുള്ള സാന്പത്തിക തട്ടിപ്പ് കേസ് നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി രംഗത്ത്. തനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലോ പൊലീസിലോ നിലവിൽ ഇല്ലെന്ന് ബിനോയ് പറഞ്ഞു. പരാതി വ്യാജമാണെന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല.

2014ൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ ആരോപണമായി വരുന്നത്. ഈ സന്ദർഭത്തിൽ ഇത് വിവാദമാക്കുന്നതിൽ ദുരൂഹതയുണ്ട്. ബിസിനസ് പങ്കാളിയുമായി സാന്പത്തിക ഇടപാട് ഉണ്ടായിരുന്നു. അത് 60,000 ദിർഹം അടച്ച് ഒത്തുതീർപ്പാക്കിയതാണെന്നും ബിനോയ് പറഞ്ഞു.

തന്റെ പേരിൽ ദുബായിൽ കേസുണ്ടെന്നും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വാർത്ത നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്ത്.ദുബായിൽ നടത്തിയ ബിസിനസ്സുമായി ബന്ധപ്പെട്ട് പാർട്ണറുമായി ഒരു ചെക്ക് കേസ് ഉണ്ടായിരുന്നതായും അത് കോടതി വഴി പരിഹരിക്കപ്പെട്ടതാണെന്നും ബിനോയ് പത്രക്കുറുപ്പിൽ വ്യക്തമാക്കി.

ഇപ്പോൾ ആരോപിക്കപ്പെടുന്ന യാതൊരു സംഭവവും തന്റെ പേരിൽ ഇല്ല. വസ്തുതാ വിരുദ്ധമായ ഇത്തരം വാർത്തകൾ ദുരുദ്ദേശപരമാണെന്നും ബിനോയ് ആരോപിച്ചു.ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മകന്‍ തന്നെ മറുപടി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. നിലവില്‍ ബിനോയിക്കെതിരെ പരാതിയില്ല. ഇക്കാര്യത്തില്‍ ഏതന്വേഷണത്തിനും വിധേയനാകാന്‍ തയാറാണ്. പാര്‍ട്ടി പ്രശ്‌നം അല്ലാത്തതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.