കാശ്‌മീരിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് 10 ലക്ഷം, ഭാര്യയ്‌ക്ക് ജോലി

ജമ്മു കാശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പിൽ വീട്ടിൽ സാം എബ്രഹാമിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ചെങ്ങന്നൂർ എം.എൽ.എയായിരുന്ന അഡ്വ. കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാനും തീരുമാനമായി. രാമചന്ദ്രൻ നായർ സർക്കാർ അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീർക്കുന്നതിനും സർക്കാർ സഹായിക്കും. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.

അഞ്ച് പുതിയ റവന്യൂ ഡിവിഷൻ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ വടകര, കണ്ണൂർ ജില്ലയിലെ തളിപറമ്പ്, കാസർഗോഡ് എന്നിവിടങ്ങളിൽ പുതിയ റവന്യൂ ഡിവിഷൻ ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി 120 പുതിയ തസ്തികകൾ സൃഷ്ടിക്കും.

പുതിയ തസ്തികകൾ

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയിൽ 313 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 42 തസ്തികകൾ ഭക്ഷ്യപൊതുവിതരണവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ വഴി നിയമിക്കും. വൈപ്പിൻ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അഞ്ച് അനധ്യാപക തസ്തികകൾ സൃഷ്ടിക്കും. നിലമ്പൂർ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകരുടെ എട്ട് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഏകോപിത തദ്ദേശസ്വയംഭരണ വകുപ്പ്

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സർവീസുകൾ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരിൽ പൊതു സർവീസ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. അജിത് കുമാറിന് അധിക ചുമതല നൽകി ഏകോപിത വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

ദുരിതാശ്വാസം അപേക്ഷകരുടെ അക്കൗണ്ടിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുന്ന പണം ട്രഷറിയിൽനിന്ന് അപേക്ഷകരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. തീപിടുത്ത കേസുകളിൽ ഉണ്ടാകുന്ന നഷ്ടത്തിന് നിലവിൽ അനുവദിക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്. ഇതിൽ ആനുപാതികമായ വർദ്ധനവ് വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.

മറ്റ് തീരുമാനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതിൽ സി.എ.ജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

ഹരിപ്പാട്ട് സ്വകാര്യപങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് രൂപീകരിച്ച കേരള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇത് നടപ്പാക്കുന്നതിന്, കമ്പനിയുടെ ഓഹരി വിഹിതം 40 കോടിയിൽ നിന്ന് 80 കോടി രൂപയായി വർദ്ധിപ്പിച്ചുകൊണ്ട് 2015 ഡിസംബറിൽ എടുത്ത തീരുമാനം റദ്ദാക്കും. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുകയാണ്.

സംസ്ഥാന പിന്നാക്കവികസനകോർപറേഷന് ദേശീയ പിന്നാക്കധനകാര്യവികസന കോർപറേഷനിൽ നിന്ന് വായ്പയെടുക്കുന്നതിന് അഞ്ച് വർഷത്തേക്ക് 100 കോടി രൂപയുടെ ഗ്യാരന്റീ അനുവദിക്കാൻ തീരുമാനിച്ചു. പൊലീസ് സേനയിൽ ഇൻസ്പെക്ടറായി നിയമിതനായ ദേശീയ നീന്തൽ താരം സജൻ പ്രകാശിന് 2020ലെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനുളള പരിശീലനത്തിന് നിലവിലുളള ചട്ടങ്ങളിൽ ഇളവ് നൽകി ശൂന്യവേതന അവധി നൽകാൻ തീരുമാനിച്ചു.

വിശാലകൊച്ചി വികസന അതോറിറ്റിയിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുളള ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനമായി.