ദുബായി തട്ടിപ്പ് കേസ്: മകന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സാമ്പത്തിക പരാതിയില്‍ മകന്‍ തന്നെ പ്രതികരിക്കും, മകന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മകനെതിരെ നിലവില്‍ പരാതിയില്ല. നിയമപരമായ പരാതിക്ക് വിധേയനാകാന്‍ തയ്യാറാണ്. സത്യാവസ്ഥ അറിഞ്ഞ് മാത്രം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തുകയായിരുന്നു.

അതേസമയം ദുബൈയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിനോയ് രംഗത്തെത്തി. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ബിനോയ് പറഞ്ഞു. തനിക്കെതിരെ പരാതി ഇല്ല. ദുബൈയില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണ്. 2014ലെ ഇടപാട് ആണ് ഇപ്പോള്‍ വിവാദം ആകുന്നതെന്നും ബിനോയ് പറഞ്ഞു.