കോടിയേരിയുടെ മകനെതിരെയുള്ളത് ഗുരുതര ആരോപണമെന്ന് യെച്ചൂരി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രശ്നം എത്രയും വേഗം സംസ്ഥാന നേതൃത്വം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെന്നും വിവരമുണ്ട്.

ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജാസ് എന്ന കന്പനിയുടെ പേരിൽ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈട് വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയിൽ പറയുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ബിനോയ് നിഷേധിച്ചിട്ടുണ്ട്.

അതേസമയം, ഇക്കാര്യത്തിൽ പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് യെച്ചൂരി നേരത്ത പ്രതികരിച്ചിരുന്നു. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമെന്നും യെച്ചൂരി വ്യക്തമാക്കി. ഈ വിഷയത്തിൽ പാർട്ടിയിൽ ആലോചിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.