കോഴിയിറച്ചിപോലെ ചെമ്മീനിലും രാസവസ്തുക്കള്‍ കുത്തിവെയ്പ്പ് വ്യാപകമാകുന്നു

കോഴിയിറച്ചിക്ക് പിന്നാലെ ചെമ്മീനിലും കുത്തിവെയ്പ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. തൂക്കം കൂടുന്നതിനായി ബ്രോയിലര്‍ കോഴികളില്‍ സ്റ്റിറോയിഡുകള്‍ പോലുള്ള രാസവസ്തുക്കള്‍ കുത്തിവെക്കുന്നത് പതിവായിരുന്നു. ഇതിന് പുറമെയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്മീനുകളിലും രാസവസ്തുക്കള്‍ കുത്തിവെയ്ക്കുന്നതെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

മത്സ്യ വിപണിയില്‍ ചെമ്മീന്‍, കരിമീന്‍ പോലുള്ള മീനുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്. കാഴ്ചയില്‍ നല്ല ഗുണമേന്മ തോന്നിക്കുമെങ്കിലും ഇവ ആരോഗ്യത്തിന് ഹാനികരമാണ്. പ്രായമെത്താത്ത കോഴികളില്‍ രാസവസ്തുക്കള്‍ കുത്തിവെച്ച് തൂക്കം വര്‍ധിപ്പിക്കുന്ന അതേ രീതിയിലാണ് ചെമ്മീനുകളിലും രാസപ്രയോഗം നടത്തുന്നത്. ഇതുവഴി നാളുകളോളം ഇവ കേടുകൂടാതെയിരിക്കുകയും ചെയ്യുന്നു. ഏറെ നാളുകള്‍ കഴിഞ്ഞാലും അഴുകാതിരിക്കുന്ന ചെമ്മീനുകള്‍ മത്സ്യവിപണിയില്‍ അഴുകാത്തതിനാല്‍ ആളുകള്‍ വാങ്ങിക്കുന്നു.

മൊത്തക്കച്ചവടക്കാരുടെ കൈയില്‍ നിന്ന് വാങ്ങിക്കുന്ന ചില്ലറ വില്‍പ്പനക്കാരാണ് ചെമ്മീനുകളില്‍ ഇത് കുത്തിവെയ്ക്കുന്നത്. വന്‍തോതില്‍ കയറ്റി അയക്കപ്പെടുന്ന ചെമ്മീനുകളിലാണ് മനുഷ്യത്വം മരവിപ്പിക്കുന്ന പ്രവര്‍ത്തികള്‍ നടക്കപ്പെടുന്നതെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത് കുത്തിവെയ്ക്കുന്നവര്‍ ഇതിന്‍റെ ദൂഷ്യവശങ്ങള്‍ അറിയുന്നില്ല. പിടയ്ക്കുന്ന ചെമ്മീനുകളില്‍ത്തന്നെ ഇത് കുത്തിവെയ്ക്കുന്നതോടുകൂടി രാസപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടക്കുകയും ചെയ്യുന്നു.

പ്രധാനമായും ടൂറിസം മേഖലകളിലാണ് ഇത്തരം ഭക്ഷ്യവിഭവങ്ങള്‍ ഏറെയും ചെലവാകുന്നത്. വലിയ വിലകൊടുത്തു വാങ്ങാനാകാത്ത പാവപ്പെട്ടവരെ മാറ്റിനിര്‍ത്തിയാല്‍ പലരും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളാണ് ഇതോടൊപ്പം വാങ്ങിക്കുന്നതെന്നാണ് ആരോഗ്യമേഖല വ്യക്തമാക്കുന്നത്.