ലാലു പ്രസാദ് യാദവ് മൂന്നാം കേസിലും കുറ്റക്കാരനെന്ന് കോടതി; അഞ്ചു വര്‍ഷം തടവ്

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

1992-93 കാലഘട്ടത്തില്‍ ചാലിബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. മുന്‍ ബിഹാര്‍ ചീഫ് സെക്രട്ടറി സജ്ജാല്‍ ചക്രവര്‍ത്തി ഉള്‍പ്പടെ 56 പ്രതികളാണ് കേസിലുള്ളത്. പണം പിന്‍വലിക്കല്‍ നടന്ന സിങ്ഭും ജില്ലയിലെ ജെപ്യൂട്ടി കമീഷണറായിരുന്നു സജ്ജാല്‍ .

900 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. ഡിയോഹര്‍ ട്രഷറിയില്‍നിന്ന് 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ മൂന്നരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ബിര്‍സമുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍ കഴിയുന്നത്.

ആദ്യകേസില്‍ സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈകോടതിയുടെ പരിഗണനയിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ കൂടി ഇനിയും വിധി വരാനുണ്ട്.