ഫോൺകെണി: ജാഗ്രതക്കുറവുണ്ടായി; ഇക്കാര്യം തുറന്നു സമ്മതിക്കാൻ മടിയില്ല: ശശീന്ദ്രൻ

ഫോൺകെണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യം തുറന്ന് സമ്മതിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നും പൊതുപ്രവർത്തകരുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ ഒരു പാഠമായിരുന്നു ഈ കേസെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശശീന്ദ്രൻ.

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിക്കും. മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻ മന്ത്രി തോമസ് ചാണ്ടിയോടും ആലോചിക്കും. എല്ലാവരുടേയും അഭിപ്രായങ്ങളും പരിഗണിക്കും. തോമസ് ചാണ്ടി ശത്രുവല്ല. പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. തനിക്കെതിരെ വ്യാജഹർജി സമർപ്പിക്കപ്പെട്ടത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.