അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവ്; സവർണ്ണ ഫാസിസത്തിനെതിരെ പ്രതിഷേധം കത്തുന്നു

പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കുന്നത് തടഞ്ഞ സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സവര്‍ണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്. മുന്‍വശത്ത് തൂക്കിയിരുന്ന ആശാന്തന്റെ ചിത്രത്തിന്റെ ഫ്ലക്സും സംഘം വലിച്ചു കീറി. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് തീരുമാനിച്ചത്.വിഷയത്തില്‍ സാഹിത്യ സാംസ്‌കാരിക മേഖലയിലുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. .

അശാന്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് മരിച്ചത്. ഫോര്‍ട്ടുകൊച്ചി ഏക ആര്‍ട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അദ്ധ്യാപകനായിരുന്നു. 1998, 99, 2007 വര്‍ഷങ്ങളിലെ കേരള ലളിതാ കലാ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ ഉള്‍പ്പടെ 200 ഓളം സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 90ലേറെ കലാക്യാമ്പുകളിലും പങ്കെടുത്തിരുന്നു.

അമേച്വര്‍ നാടക രംഗത്തും ഏറെക്കാലം പ്രവര്‍ത്തിച്ചു. നാടക സംവിധാനവും അഭിനയവും കലാസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചിത്രകലയിലും ശില്പകലയിലും ഡിപ്‌ളോമ നേടിയ അശാന്തന്‍ കമേഴ്‌സ്യല്‍ ആര്‍ട്ട്‌സ് രംഗത്ത് നിന്ന് സമ്പൂര്‍ണമായും വിട്ടുനിന്നു. ചിത്രകലയുടെ മിക്കവാറും എല്ലാ മേഖലയിലും അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചയാളാണ്. ഏറെക്കാലും വൈദിക വിദ്യാഭ്യാസവും നടത്തി. ചങ്ങമ്പുഴയുടെ ‘രമണന്‍’ പെന്‍സില്‍ സ്‌കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരികയായിരുന്നു.