ചെന്നൈയിലെ പൂച്ച ബിരിയാണി കഴിച്ചിട്ടുണ്ടോ; പോലീസ് രക്ഷപ്പെടുത്തിയത് 12 പൂച്ചകളെ

ബിരിയാണിയായി തീന്‍ മേശയില്‍ എത്തും മുമ്പേ പൊലീസ് രക്ഷപ്പെടുത്തിയത് പന്ത്രണ്ടോളം പൂച്ചകളെ. തമിഴ്‌നാട്ടിലെ തിരുമുല്ലെയ്‌വയലില്‍ റോഡ് വക്കിലുള്ള ഭക്ഷണശാലയില്‍ നിന്നുമാണ് പൂച്ചകളെ കണ്ടെത്തിയത്. ബിരിയാണിക്കുള്ള മാംസത്തിനായി ഇവയെ എത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ പൂച്ചകളെ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞ് ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

പൂച്ചകളെ കാണാതെ പോകുന്നു എന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു അന്വേക്ഷണം നടത്തിയത്. പരാതികള്‍ വര്‍ധിച്ചു വന്നതോടെ ഇത് അന്വേക്ഷിക്കാന്‍ ഒരു പൊലീസ് ടീമിനെ തന്നെ നിയോഗിക്കുകയായിരുന്നു. കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂച്ചമാസം വാങ്ങാനെന്ന വിധം പൊലീസ് കടക്കാരെ സമീപിക്കുകയായിരുന്നു. ഇതില്‍ നിന്നും അവര്‍ എല്ലാവര്‍ക്കും മാംസം വില്‍ക്കുന്നില്ലെന്ന് വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേക്ഷണത്തില്‍ തിരുമുല്ലെയ്‌വയലില്‍ നിന്നും നിരവധി പൂച്ചകളുമായി നരിക്കുറവന്‍മാര്‍ പൊലീസ് പിടിയിലായി. ചാക്കുകെട്ടുകളില്‍ നിരവധി പൂച്ചകളാണ് ഉണ്ടായിരുന്നത്. ചാക്കില്‍ നിന്ന് ചത്ത പൂച്ചകളെയും കണ്ടെത്തി. രക്ഷിച്ച പൂച്ചകളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

ഇത്തരത്തില്‍ പൂച്ചകളെ പിടിച്ച് കൊല്ലുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. ഇതിനു മുന്‍പും ചെന്നൈയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിന്നും മോഷ്ടിക്കുന്ന പൂച്ചകളാണ് അടുത്ത ദിവസം തെരുവിലെ ബിരിയാണിയായി മാറുന്നത്. സത്യമറിയാതെ തെരുവോരത്തു നിന്നും ബിരിയാണി കഴിയ്ക്കുന്നത് നൂറുക്കണക്കിന് ആളുകളാണ്.