ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

ബ​സ് ചാർജ് വർ​ദ്ധ​ന​ അ​പ​ര്യാ​പ്ത​മാ​ണെ​ന്നാരോപിച്ച് സ്വ​കാ​ര്യ​ബ​സു​കൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസവും തലസ്ഥാനത്ത് പൂർണം. നഗരത്തിലും നഗരപ്രാന്ത പ്രദേശത്തും സ്വകാര്യ ബസുകളൊന്നുപോലും ഇന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകളും സിറ്റി സർവ്വീസുകളും ധാരാളമായുള്ളതിനാൽ തിരുവനന്തപുരം നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ സ്വകാര്യ ബസ് സർവ്വീസുകൾ ഏറെയുള്ള ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം, വർക്കല, കിളിമാനൂർ, കല്ലറ മേഖലകളിൽ പണിമുടക്ക് യാത്രാക്ളേശം രൂക്ഷമാക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഈമേഖലകളിൽ ധാരാളമായി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതായി പറയപ്പെടുന്നെങ്കിലും യാത്രാദുരിതം പരിഹാരമില്ലാതെ തുടരുകയാണ്. മി​നി​മം നി​ര​ക്ക് എ​ട്ടു രൂ​പ​യിൽ നി​ന്ന് പ​ത്താ​ക്കി ഉ​യർ​ത്തു​ക. വി​ദ്യാർ​ത്ഥി​ക​ളു​ടെ കൺ​സെ​ഷൻ 50 ശ​ത​മാ​ന​മാ​ക്കി വർ​ദ്ധി​പ്പി​ക്കുക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.

കേ​ര​ള​ത്തി​ലെ 12 സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലു​ള്ള 14,800 ബ​സു​കൾ പ​ണി​മു​ട​ക്കിൽ പ​ങ്കെ​ടു​ക്കുന്നുണ്ട്. ബസുടമകളുടെ സംഘനകളിൽ ചിലതിന്റെ നേതാക്കൾ കഴിഞ്ഞദിവസം മന്ത്രിയുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല.

തിങ്കളാഴ്ചയേ മന്ത്രി തലസ്ഥാനത്തുണ്ടാകൂവെന്നതിനാൽ ഇന്നും നാളെയുമൊന്നും പണിമുടക്ക് തീർപ്പാകാനുള്ള സാഹചര്യം വിരളമാണ്. പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നെങ്കിലും ആരും സർവ്വീസുകൾ നടത്താനോ വാഹനങ്ങൾ തടയാനോ രംഗത്തെത്തിയിട്ടില്ല. അതേസമയം പണിമുടക്കിൽ പങ്കെടുക്കുന്ന സംഘടനകൾ 19 മു​തൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പിൽ അ​നി​ശ്ചി​ത​കാല നി​രാ​ഹാര സ​മ​രവും പ്രഖ്യാപിച്ചിട്ടുണ്ട്.