അക്രമവും വികസനവും ഒരുമിച്ച് പോകില്ല: ഉപരാഷ്ട്രപതി

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. രാജ്യത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

കൊലപാതക രാഷ്ട്രീയം കേരളത്തിനെന്നല്ല,​ രാജ്യത്തിന് തന്നെ ഭൂഷണമല്ല. വ്യത്യസ്ത പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്നതും കൊല്ലുന്നതും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിനെ എന്നും നശിപ്പിച്ചിട്ടേയുള്ളൂവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അക്രമമല്ല,​ സർവലോക സമാധാനമാണ് ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ അക്രമരാഷട്രീയം ഇന്ത്യയുടെ ശോഭ കെടുത്തുകയാണ് ചെയ്യുക. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ സംസ്കാരം. രാഷ്ട്രീയ എതിരാളിയെ കായികമായി നേരിടുകയും ഉന്മൂലനം ചെയ്യുന്നതും ദു;ഖകരമാ്. ശാരീരിക അക്രമങ്ങളിലേക്ക് നീങ്ങുന്ന ശത്രുതയല്ല രാഷ്ട്രീയമെന്നും വെങ്കയ്യ നായിഡു ഓർമിപ്പിച്ചു.

സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളും ചെറുക്കേണ്ടതാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അതിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ പോരാട്ടത്തിൽ പൊതുസമൂഹവും സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.