അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേ്‌സ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി പ്രിയ വാരിയര്‍ സുപ്രീം കോടതിയെ സമീപിച്ചു.തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് പ്രിയയുടെ ഹര്‍ജിയില്‍ പറയുന്നത്.

പ്രിയക്ക് പുറമെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഹാരിസ് ബീരനാണ് പ്രിയ വാരിയരുടെ ഹര്‍ജി ഫയല്‍ ചെയ്തത്.മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ പൊലീസില്‍ പരാതി നല്കിയത്.

ഹിറ്റായ ഗാനം പരിഭാഷപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇത് നബിയെ അപമാനിക്കുന്നതാണ് പരാതിയിലെ പ്രധാന ആരോപണം. ഗാനം പിന്‍വലിക്കുകയോ വരികള്‍ മാറ്റിയെഴുതുകയോ ചെയ്യണമെന്നും പരാതിക്കാര്‍ പറയുന്നു.