മകൻ നിരപരാധി, പൊലീസ് കുടുക്കിയതാണെന്ന് ആകാശ് തില്ലങ്കേരിയുടെ അച്ഛൻ

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ പൊലീസ് പിടികൂടിയ ആകാശ് തില്ലങ്കേരിയും രജിൻ രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലായിരുന്നെന്നും പൊലീസ് വിളിച്ച പ്രകാരം സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മകനെ പൊലീസ് കുടുക്കിയതാണ്, അല്ലാതെ പ്രചരിക്കുന്നത് പോലെ ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നില്ല. സംഭവത്തിന് പിന്നാലെ പാർട്ടിയെ സമീപിച്ചു. കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാർട്ടി പറഞ്ഞത്. ബോംബ് കേസിൽ ബി.ജെ.പി പ്രചരണം മൂലമാണ് ആകാശ് ഒളിവിൽ പോയതെന്നും രവി പറഞ്ഞു.

അതേസമയം പിടിയിലായവർ യഥാർത്ഥ പ്രതികളാണെന്ന് തന്നെയാണ് പൊലീസ് ഭാഷ്യം. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്നും ഇതിന് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അനുമതി ഉണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലുൾപ്പടെ പതിനൊന്നോളം കേസുകളിൽ പ്രതികളാണ് പിടിയിലായ ആകാശും രജിനും. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എഫ് ഐ കെ എസ് എസ് യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.