നിലമ്പൂരിൽ മാവോയിസ്‌റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സി.പി.ഐ

നിലമ്പൂർ കരുളായി വനത്തിൽ കഴിഞ്ഞ വർഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.എം സംസ്ഥാന സമ്മേനത്തിൽ വിമർശനം. സംസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനം കെടുത്തുകയാണ്. ഇത് സർക്കാരിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുകയാണെന്നും സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ആരോപിക്കുന്നു.

അതേസമയം, സംസ്ഥാന സർക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനെയും പ്രവർത്തന റിപ്പോർട്ടിൽ കണക്കിന് വിമർശിക്കുന്നുണ്ട്. ജി.എസ്.ടി വിഷയത്തിൽ തോമസ് ഐസക്കിന്റെ നിലപാട് ഇടത് വിരുദ്ധമായിരുന്നു. വിജിലൻസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ സർക്കാർ മുൻകൈ എടുക്കുന്നില്ല. അഴിമതി വിരുദ്ധമെന്ന മുൻ നിലപാടിൽ നിന്നും സർക്കാർ വ്യതിചലിച്ചിരിക്കുകയാണ്. എന്നാൽ സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ തൃപ്തമാണെന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

നിലമ്പൂരിൽ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയംഗം കുപ്പു ദേവരാജും സഹായി അജിതയും കൊല്ലപ്പെട്ട സംഭവത്തിൽ നേരത്തെയും സർക്കാരിനെതിരെ സി.പി.ഐ രംഗത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ പിടികൂടിയശേഷം തലയ്ക്ക് വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് ആരോപണം.എന്നാൽ നിലമ്പൂരിലെ ഏറ്റുമുട്ടൽ വ്യാജമല്ലെന്നും മാവോയിസ്റ്റുകളുടെ വെടിവയ്പ് പൊലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പുവിനും അജിതയ്ക്കും വെടിയേറ്റതെന്നുമുള്ള മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അമിത്മീണ കഴിഞ്ഞ ആഴ്ച സർക്കാരിന് സമർപ്പിച്ചിരുന്നു. ഏറ്റുമുട്ടൽ വ്യാജമല്ലെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്. എന്നാൽ സർക്കാരിന്റെ ഭാഗമായ സി.പി.ഐ ഇക്കാര്യത്തിൽ ഉന്നയിച്ച എതിർവാദം അടുത്ത ദിവസങ്ങളിൽ പുതിയ ചർച്ചയ്ക്ക് വഴി വയ്ക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

പ്രമുഖ കവി സച്ചിദാന്ദന്‍ 
ധീര രക്തസാക്ഷി സഃ അജിതയെ ക്കറിച്ച് എഴുതിയ കവിത.

ജനിക്കാത്തവൾ

കാട് എന്നെ വിളിച്ചു,
ആയിരം പൂക്കളുടെ
സുഗന്ധവുമായി
എന്റെ ഞരമ്പുകളില്‍
ഇപ്പോഴുമുണ്ട് യക്ഷികളുടെതെന്ന പോലെ
അരുവികളുടെ പൊട്ടിച്ചിരി
എന്റെ യൗവ്വനം ഞാന്‍
ഈ കാടുകള്‍ക്ക് നല്‍കി
എന്റെ ഹൃദയം ഈ അനാഥരുടെ
വേദനകള്‍ക്കും.
എന്റെ കാലുകളില്‍ ഇപ്പോളുമുണ്ട്
കുന്നുകളില്‍ ഓടി നടന്ന
ചിലങ്കയിടാത്ത കുട്ടിക്കാലം
എന്റെ ശിരസില്‍ ഓടകളില്‍ വീണുപോയ
പ്രണയരഹിതമായ കൗമാരവും
ഈ ആദിവാസികളുടെ കൃഷ്ണമണികളില്‍
ഞാന്‍ ഒരു യുവതിയായി
ഇവരായിരുന്നു എന്റെ വിദ്യാലയം
എന്റെ ഭാഷയുടെ പേര് ‘ കലാപം’
എന്റെ അക്ഷരമാലയുടെ ആരംഭം ‘നീതി’
കാറ്റ് ഇലകളോടെന്ന പോല്‍ ഞാന്‍
ഇവരുടെ വിലപിക്കുന്ന ചെവികളില്‍
സ്വാതന്ത്ര്യത്തിന്റെ രഹസ്യം മന്ത്രിച്ചു
പകരം ഇവരെനിക്കു സ്‌നേഹത്തിന്റെ
ഉപ്പും മീനും കിഴങ്ങും തന്നു.
രോഗാവസ്ഥയില്‍ ബോധം കെടുമ്പോള്‍
ഞാന്‍ വീണ്ടും മുടി രണ്ടായിപ്പകുത്തു മെടഞ്ഞിട്ട്
സ്‌കൂളിലേക്ക് നടന്നു. കൂട്ടുകാരികള്‍ക്കൊപ്പം
കുപ്പിവള പോലെ പൊട്ടിച്ചിരിച്ച്.
ചിലപ്പോള്‍ ഒരു കൂട്ടുകാരന്റെ മുഖം
ചെമ്പരത്തിച്ചെടികള്‍ക്കിടയില്‍ നിന്നെത്തിനോക്കി
ചിലപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍
വീടും അമ്മയും അഛനും
മിന്നല്‍ പോലെ വെളിച്ചം നിറച്ചു.
പെട്ടെന്നായിരുന്നു വായുവില്‍
ഞാന്‍ വെടിമരുന്നു മണത്തത്
അത് ബൂട്ടുകളുടെ ശബ്ദത്തിലലിഞ്ഞു
അര്‍ധബോധാവസ്ഥയില്‍
അത് ദുസ്വപ്‌നമെന്നു ഞാന്‍ കരുതി
നെഞ്ചില്‍ നിന്നൊലിച്ച ചോര
സ്വപ്‌നത്തില്‍ വിരിഞ്ഞിരുന്ന
ചെമ്പനീരാണെന്ന് കരുതി.
ഞാനിപ്പോള്‍ ആശാന്തമായ ഒരാത്മാവായി
ഭാവിയുടെ ഇടനാഴികളില്‍ അലയുന്നു
നീതി നിയമത്തിന്റെ മുന്‍പില്‍ നടക്കുന്നുവെന്ന്
ജനങ്ങളോട് വിളിച്ചു പറയണം എന്ന് എനിക്കുണ്ട്
നിങ്ങളാണ് എല്ലാം എന്ന്യ
അത് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം
സിംഹാസനങ്ങള്‍ തകര്‍ന്നു വീഴുമെന്ന്,
എങ്കില്‍ ഹിംസയെ വേണ്ടി വരില്ലെന്ന്.
വൈകി,
മാതൃഭൂമിയില്‍ വറ്റിയൊടുങ്ങിയ
എന്റെ ചോരയില്‍ നിന്ന്
ഞാന്‍ ജനിക്കാനിരിക്കുന്നതേയുള്ളൂ.
ഞാന്‍, നാലാമത്തെ അജിത