ഇടത് ഐക്യം തകര്‍ക്കരുത്; സി.പി.ഐ സമ്മേളന വേദിയില്‍ മുഖ്യമന്ത്രിയുടെ കുത്ത്

സി.പി.ഐ സംസ്ഥാന സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് ബന്ധം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ ജനപിന്തുണ കിട്ടില്ലെന്നത് മുന്‍കാല അനുഭവമാണെന്ന് പിണറായി പറഞ്ഞു. ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടു. ഒന്നിന്റെയും വാലായി നിന്ന് ഇടത് ഐക്യം തകര്‍ക്കരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമരസപ്പെട്ടു കഴിഞ്ഞു. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് മുഖ്യമന്ത്രി, സി.പി.ഐയ്ക്ക് പരോക്ഷ മറുപടിയെന്നോണം പ്രസ്താവന നടത്തിയത്.

മലപ്പുറത്ത് പുരോഗമിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരനുമെതിരെ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി ഏകാധിപതിയായി മാറിയെന്നായിരുന്നു പ്രധാന വിമര്‍ശനം. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ആരോപണം ഉയര്‍ന്നു.

വകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു റവന്യു മന്ത്രിക്കെതിരായ വിമര്‍ശനം. ഇ. ചന്ദ്രശേഖരന്‍ നായരെപ്പോലെ സി.പി.ഐയ്ക്ക് അഭിമാനിക്കാവുന്ന മുന്‍ മന്ത്രിമാരെ കണ്ടുപഠിക്കണം. പേരില്‍ ചന്ദ്രശേഖരന്‍ ഉണ്ടായിട്ട് കാര്യമില്ല, പ്രവര്‍ത്തനത്തിലും വേണമെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.