പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

പെരിയാറിന്റെ പ്രതിമയെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റ് എസ്.ജി സൂര്യ ഏറെ നാളയായി നാട്ടില്‍ ആക്രമണങ്ങള്‍ക്ക് കളമൊരുക്കാനായി ശ്രമിക്കുകയാണ്. വിവാദ പരമാര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

നേരെത്ത ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് ആര്‍.എസ്.എസ് നേതാവും യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റുമായ എസ്.ജി സൂര്യയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയിരുന്നു. ത്രിപുരയില്‍ ലെനിന്റെ വീഴ്ച ബിജെപി വിജയകരമായി നടപ്പാക്കി. ഇത് പോലെ തമിഴ്നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കപ്പെടുന്നതിനായി കാത്തിരിക്കാനാവില്ലെന്നുമാണ് സൂര്യയുടെ ട്വീറ്റ്.

ആദ്യ ട്വീറ്റ് വിവാദമായതോടെ പുതിയ ട്വീറ്റുമായി സൂര്യ രംഗത്തെത്തിയത്. രണ്ടാമത്തെ ട്വീറ്റില്‍ തന്റെ നിലപാടിനെ ഊട്ടിയുറപ്പിക്കുന്നുണ്ട് സൂര്യ.

‘ഒരിക്കല്‍ കൂടെ ഉറക്കെ പറയാം, ഒരു ദിവസം തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും ബുള്‍ഡോസര്‍ വച്ച് തകര്‍ക്കും. ഈ ട്വീറ്റ് സൂക്ഷിച്ച് വച്ചോളൂ’ സൂര്യ പറഞ്ഞു.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഇ.വി രാമസ്വാമിയ്ക്കെതിരെയുള്ള സൂര്യയുടെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയും ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും പ്രവര്‍ത്തിച്ചയാളായിരുന്നു ഇ.വി രാമസ്വാമി. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

രാമസ്വാമി നായ്ക്കരോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടില്‍ ഈറോഡ് ആസ്ഥാനമാക്കി രൂപികരിച്ച ജില്ലയ്ക്ക് ”പെരിയാര്‍” എന്നാണ് സര്‍ക്കാര്‍ നാമകരണം ചെയ്തത്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി സ്ഥാപിച്ച പ്രതിമ തകര്‍ക്കാന്‍ മുന്‍പും ഹിന്ദു സംഘടനകളുടെ ശ്രമമുണ്ടായിട്ടുണ്ട്.