കെ.കെ രമയ്ക്കും സംഘപരിവാറിനും ഒരേ സമര രീതിയെന്ന് പിണറായി

ആര്‍.എം.പി നേതാവ് കെ.കെ രമയ്ക്കും സംഘപരിവാറിനും ഒരേ സമര രീതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ് കെ.കെ രമ ഡല്‍ഹിയില്‍ സമരം നടത്തിയതെന്നും പിണറായി പറഞ്ഞു. അത്തരത്തിലൊരു സമരമാണ് സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നത്.

വടകര ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നല്‍കിയ അടിയന്തരി പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആര്‍.എം.പി, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചു വിടുകയാണെന്നും ആര്‍.എം.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും പാറയ്ക്കല്‍ അബ്ദുള്ള അടിയന്തര പ്രമേയത്തില്‍ ആരോപിച്ചു. ഇതിനു പിന്നാലെ ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

സിപിഎമ്മിലേയ്ക്ക് ആര്‍.എം.പിയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുന്നുവെന്നും ഇതില്‍ പ്രകോപിതരായ ആര്‍.എം.പി പ്രവര്‍ത്തകരാണ് അവിടെ ആദ്യം അക്രമം അഴിച്ചു വിട്ടതെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.