വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിച്ചു; രാജ്യത്തിന്റെ സാമ്പത്തികരംഗം താറുമാറാക്കി: മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചെന്ന് 84ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ മന്‍മോഹന്‍ സിംഗ് ആരോപിച്ചു. രാജ്യത്തെ സാമ്പത്തികരംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്നും ധനകാര്യ വിദഗ്ദ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

പ്ലീനറി സമ്മേളനത്തിന്റെ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും കേന്ദ്രസര്‍ക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ജമ്മുകാശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ രണ്ട് കോടി പോയിട്ട് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ പോലും സൃഷ്ടിച്ചില്ല. നോട്ട് അസാധുവാക്കല്‍,ജിഎസ്ടി പോലുള്ള നടപടി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബിജെപി കുട്ടിച്ചോറാക്കിയെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.

ജമ്മു കാശ്മമീരിലെ സ്ഥിതിഗതികളെ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കാശ്മീരിലെ അന്തരീക്ഷം ദിനം പ്രതി കലുഷിതമാക്കി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്ന യാഥാര്‍ഥ്യമാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. അതിര്‍ത്തി കടന്നുള്ളതും ആഭ്യന്തരവുമായ തീവ്രവാദം വര്‍ധിച്ചതായും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.