കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലായിരുന്നു മോഡിയേയും ബി.ജെ.പിയേയും രാഹുല്‍ കടന്നാക്രമിച്ചത്. രാജ്യത്തെ കര്‍ഷകര്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

അധികാരത്തിന്റെ അഹങ്കാരമാണ് ബി.ജെ.പിക്ക്. ബി.ജെ.പി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണെന്നും രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനെ കഴിയു എന്നും രാഹുല്‍ വ്യക്തമാക്കി. ബി.ജെ.പി ഉപയോഗിക്കുന്നത് വിദ്വേഷമെന്ന വികാരമാണെന്നും രാഹുല്‍ അറിയിച്ചു.

എന്നാല്‍ നമ്മള്‍ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോണ്‍ഗ്രസ് എന്തു ചെയ്താലും അത് രാജ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാര്‍. കലാപമുണ്ടാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം സമ്മേളനത്തിനിടെ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്ന് വ്യാമോഹിക്കേണ്ട. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും പ്രസംഗത്തിനിടെ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.