നടന്‍ നീരജ് മാധവ് വിവാഹിതനായി; കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു

ചലച്ചിത്ര താരം നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്,ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ തന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വേളിക്ക് വെളുപ്പാങ്കാലം, നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ വിവാഹത്തിന്റെ കഥ വിവരിക്കുകയാണെന്ന് പറഞ്ഞായിരുന്നു നീരജ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു പരമ്പാരാഗത രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. മറ്റ് ചടങ്ങുകളെല്ലാം കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിലാണ് നടക്കുന്നത്. നീരജിന്റെ വിവാഹചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയായി മാറിയ നീരജ് മാധവന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ മാസമായിരുന്നു പുറത്ത് വന്നത്. കോഴിക്കോട് സ്വദേശിനിയായ ദീപ്തിയും താനും തമ്മിലുള്ള വിവാഹത്തിന്റെ കാര്യം താരം തന്നെയായിരുന്നു വ്യക്തമാക്കിയത്.