ജപ്തി ഭീഷണി: ആലപ്പുഴയില്‍ മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

ജപ്തി ഭീഷണിയെ തുടര്‍ന്ന് മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ആലപ്പുഴ പുറക്കാട് നടുവിലെ മഠത്തിപ്പറമ്പില്‍ ശ്രീകാന്ത് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ശ്രീകാന്തിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടുനിര്‍മ്മിക്കുന്നതിനായി 2016 ല്‍ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ അമ്പലപ്പുഴ ശാഖയില്‍നിന്നും ശ്രീകാന്ത് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പാ തുക തിരിച്ചടയക്കുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീകാന്ത് ചികിത്സയിലായി. ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. വീട് ജപ്തി ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ വീട്ടിലെത്തി നോട്ടീസ് പതിച്ചിരുന്നു.