നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി യൂണിയനുകൾ തിരികെ നൽകി. ചാക്കയിലെ സൂധീറിന്റെ വീടു പണിതു കൊണ്ടിരിക്കുന്ന സ്ഥലത്തെത്തിയാണ് തൊഴിലാളി സംഘടനകൾ നോക്കുകൂലി വാങ്ങിയത്. 25000 രൂപയായിരുന്നു സംഘടനകൾ വാങ്ങിയത്. ഇത് തിരിച്ചു നൽകിയതായും, യൂണിയൻ തൊഴിലാളികൾ ഖേദം പ്രകടിപ്പിച്ചതായും സുധീർ കരമന വ്യക്തമാക്കി. സംഭവത്തിൽ സർക്കാരിന്റെ ഇടപെടൽ മാതൃകാപരമായിരുന്നെന്നും, എന്നാൽ തൊഴിലാളികളുടെ ജോലി നഷ്ടമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുധീർ കൂട്ടിച്ചേർത്തു.

വീടുപണിയ്ക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവർക്ക് 16,000 രൂപ നൽകിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയൻകാർ 25,000 രൂപ വാങ്ങിയത്. നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്തതോടെ തൊഴിലാളികൾ ചീത്തവിളിച്ചെന്നും നടൻ ആരോപിച്ചിരുന്നു. സി.ഐ.ടി.യു അടക്കം മൂന്ന് യൂണിയനുകളും ചേർന്നാണ് നോക്കു കൂലി വാങ്ങിയത്.

സംഭവം വിവാദമായതോടെ നോക്ക് കൂലി വാങ്ങിയ നടപടി തെറ്റായിപ്പോയെന്ന് തൊഴിലാളി സംഘടനകൾ സമ്മതിച്ചു. അരിശും മൂട് യൂണിറ്റിലെ 14 യൂണിയൻ തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.