വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ ശ്രീജിത് രാമകൃഷ്ണൻ (26) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിന് ക്രൂരമായ മർദ്ദനമേറ്റെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇന്ന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജിത്ത് മരിച്ചത്.

ഒരു സംഘമാളുകൾ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ തൂങ്ങിമരിച്ചത്. ഇതിന് പിന്നാലെ സംഭവത്തിലെ മുഖ്യപ്രതിയെന്ന് ആരോപിച്ച് ശ്രീജിത്തിനെ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ പൊലീസുകാർ ക്രൂരമായി മർദ്ധിച്ചെന്നും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ ബന്ധുക്കളോടും അമ്മയോടും പൊലീസുകാർ പരുഷമായാണ് പെരുമാറിയത്. ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

പിന്നീട് പൊലീസ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.