സിപിഎമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരബാദില്‍ ഇന്ന് തുടക്കം

സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ ഇന്ന് തുടക്കം. രാവിലെ 10ന് സ്വാതന്ത്ര്യ സമരസേനാനിയായ മുതിര്‍ന്ന നേതാവ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടു കൂടി സമ്മേളനത്തിന് തുടക്കമാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടന പ്രസംഗം നടത്തും.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍ നിന്നും ബംഗാളില്‍നിന്നുമാണ് എത്തുകയെന്നാണ് സൂചന.

ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ കരട് രാഷ്ട്രീയ പ്രമേയ അവതരണം ചര്‍ച്ചയാകും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ചയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുന്നത്.

ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്യും. വിശാഖപട്ടണത്ത് ചേര്‍ന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനങ്ങളും കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ടി പ്ലീനത്തിന്റെ തീരുമാനങ്ങളും നടപ്പാക്കിയതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. ഇടതുമതേതര ഐക്യം വിപുലപ്പെടുത്തുന്നതോടൊപ്പം പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടത്തും.