കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി; തമിഴ്‌നാട്ടില്‍ പ്രതിഷേധ പരമ്പര

ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന ബി ജെ പി നേതാവ് എച്ച് രാജയുടെ ട്വീറ്റില്‍ തമിഴ്‌നാട്ടില്‍ വിവാദം കത്തുന്നു. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജ വിവാദമായ ട്വീറ്റ് ചെയ്തത്.

‘ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ അവരെ(മാധ്യമപ്രവര്‍ത്തകരെ) ഭയപ്പെടുത്തും’- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.

വിവാദ ട്വീറ്റില്‍ എച്ച് രാജയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. അവിഹിത സന്തതികള്‍ എന്നൊന്നില്ല. എല്ലാ കുട്ടികളും പൂര്‍ണമായും ന്യായപ്രകാരമുള്ളവര്‍ തന്നെയാണെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ തമിഴ്‌നാട്ടി പ്രഷോഭം ആരംഭിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.