ദളിത് കത്തോലിക്കരായതിനാല്‍ വൈദീകപട്ടം നിഷേധിക്കുന്നുവെന്ന പരാതിയുമായി രണ്ടു വൈദീക വിദ്യാര്‍ത്ഥികള്‍

ദളിത് കത്തോലിക്കരായതിനാല്‍ വൈദീകപട്ടം നിഷേധിക്കുന്നുവെന്ന പരാതിയുമായി വിജയപുരം രൂപതയിലെ രണ്ടു അച്ചൻ കുഞ്ഞുങ്ങൾ രംഗത്ത്. വൈദീക പട്ടം നിഷേധിച്ചത് ആലുവയിലെ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠിക്കുന്ന ഡീക്കന്‍മാര്‍ക്ക്

അറുപത്തിയഞ്ച് ശതമാനത്തിലധികം ദളിത് ക്രൈസ്തവര്‍ അംഗങ്ങളായ വിജയപുരം ലത്തീന്‍ രൂപതയില്‍ ദളിത് വിഭാഗങ്ങളെ അവഗണിക്കുന്നതായി ആക്ഷേപം. രൂപതയിലെ സ്ഥാപനങ്ങളില്‍ ജോലിക്കു മാത്രമല്ല ആത്മീയമായ ആവശ്യങ്ങളില്‍പോലും തങ്ങളെ അവഗണിക്കുകയാണെന്നാണ് രൂപതയിലെ ഭൂരിഭാഗം വരുന്ന ദളിത് ക്രൈസ്തവരുടെ പരാതി. ജോലിയും ഭൗതീകജീവിത സാഹചര്യങ്ങളൊരുക്കുന്നതിലും പരാജയപ്പെട്ട രൂപത തങ്ങളുടെ വിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ പരാതി.

രൂപതയിലെ തന്നെ മൈനര്‍ സെമിനാരിയും, തുടര്‍ന്ന് ലത്തീന്‍സഭയുടെ നിയന്ത്രണത്തിലുള്ള ആലുവ പൊന്തിഫിക്കന്‍ സെമിനാരിയിലും പഠനം നടത്തിവരുന്ന രണ്ടു ഡീക്കന്‍മാര്‍ക്ക് വൈദീകപട്ടം നല്‍കാന്‍ രൂപതാധ്യക്ഷനും, അധികാരികളും തയ്യാറാകുന്നില്ലെന്നാണ് ഇപ്പോള്‍ രൂപതയിലെ ദളിത് കത്തോലിക്കാ മഹാസഭാ പ്രതിനിധികള്‍ ആരോപിക്കുന്നത്. ഇരു വൈദീക വിദ്യാര്‍ഥികളും ദളിത് വിഭാഗത്തില്‍ പെടുന്നവരായതിനാലാണ് വൈദീകപട്ടം നല്‍കാന്‍ രൂപത തയ്യാറാകാത്തതെന്നാണ് ദളിത് സംഘടനകളുടെ ആവരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.സി.എം.എസിന്റെ നേതൃത്വത്തില്‍ ബിഷപ്പ് ഹൗസിനുമുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

സംഭവത്തെപ്പറ്റി ഡി.സി.എം.എസ് ഭാരവാഹികള്‍ പറയുന്നതിങ്ങനെ…വിജയപുരം രൂപതയിലെ എലിക്കുളം, ചാത്തന്‍തറ എന്നീ ഇടവകകളിലെ രണ്ടു വൈദീക വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം വൈദീക പഠനം പൂര്‍ത്തിയാക്കി പട്ടം സ്വീകരിക്കേണ്ടതായിരുന്നു. വിജയപുരത്ത് മൈനര്‍ സെമിനാരിയിലും, പിന്നീട് ആലുവ പൊന്തിഫിക്കന്‍ സെമിനാരിയിലുമുള്ള ഈ വൈദീകാര്‍ത്ഥികളെ ഇത്രയും വര്‍ഷത്തെ പഠനത്തിനുശേഷം വൈദീകരാക്കാന്‍ കഴിയില്ലെന്ന് രൂപതാ അധികൃതര്‍ നിലപാടെടുക്കുകയായിരുന്നു. മറ്റേതെങ്കിലും ലത്തീന്‍ രൂപതയില്‍ പോയി വൈദീകനാകാനും രൂപതാ നേതൃത്വം നിര്‍ദേശിച്ചുവെന്നും ഇവര്‍ പറയുന്നു.

ദളിത് വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളായതിനാലാണ് തങ്ങളോടുള്ള അവഗണനയെന്നാണ് ഇവരുടെ പരാതി. എന്തു കാരണത്താലാണ് വൈദീകപട്ടം നിഷേധിക്കുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. ഡീക്കന്‍പട്ടം നേടിയതിനു ശേഷമാണ് ഈ രണ്ടുപേരെയും ഒഴിവാക്കിയത്. കഴിഞ്ഞ കുറെ നാളുകളായി ദളിത് വിഭാഗത്തില്‍ നിന്നുള്ള വൈദീകര്‍ രൂപതയില്‍ കുറയുകയാണെന്നും ഇവര്‍ കണക്കുകള്‍ നിരത്തി വാദിക്കുന്നു.

1995 മുതല്‍ 2007 വരെ രൂപതയില്‍ 10 ദളിത് വൈദികര്‍ ഉണ്ടായപ്പോള്‍ 2007 -17 കാലഘട്ടത്തില്‍ 5 വൈദികരായിഇതു കുറഞ്ഞു. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ വെറും രണ്ട് പേര്‍ മാത്രമാണ് വൈദീക പഠനം നടത്തുന്നതെന്നും ഡി.സി.എം.എസ് പട്ടിത്താനം മേഖലാ ഭാരവാഹികള്‍ പറയുന്നു. പരിശീലനകാലത്ത് പലകാരണങ്ങള്‍ പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകയാണെന്നാണെന്നും ഇവര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ വൈദീകരാകുന്നവരുടെ തെരഞ്ഞെടുപ്പില്‍ ചില പ്രക്രിയകളുണ്ടെന്നും ഇക്കാര്യത്തില്‍ ജാതീയമായ വേര്‍തിരിവി്‌ലലെന്നുമാണ് രൂപതാവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

കോട്ടയം, ഇടുക്കി ജില്ലകള്‍ പൂര്‍ണമായും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഭാഗീകമായുമുള്ള വിജയപുരം ലത്തീന്‍ രൂപതയില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 604 അധ്യാപക, അനധ്യാപകരുള്ളപ്പോള്‍ ഇതില്‍ 15 ശതമാനത്തില്‍ താഴെയാണ് ദളിത് വിഭാഗത്തിന്റെ പ്രാധിനിധ്യമെന്നും ഇവര്‍ ആരോപിക്കുന്നു.