16കാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍

ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പു കുറ്റക്കാരനാണെന്ന് ജോധ്പൂർ കോടതി കണ്ടെത്തി. അസാറാമിനെ കൂടാതെ ഹോസ്റ്റൽ വാർഡൻ ശരത്ചന്ദ്രാനന്ദ് ശിൽപി അടക്കമുള്ള മൂന്ന് പ്രതികളേയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതേസമയം,​ രണ്ടു പേരെ വെറുതെ വിട്ടു. സുരക്ഷ കണക്കിലെടുത്ത് ജഡ്ജി മധുസൂദൻ ശർമ ജോധ്പൂർ സെൻട്രൽ ജയിലിലെത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇതിനായി ജയിലിൽ പ്രത്യേക കോടതി സജ്ജമാക്കിയിരുന്നു. വിധി പ്രസ്താവത്തെ തുടർന്ന് രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഉത്തർപ്രദേശിലെ ഷഹജാൻപൂരിൽ നിന്നുള്ള കൗമാരക്കാരിയെ ജോധ്പൂരിനടുത്തുള്ള ആശ്രമത്തിലേക്ക് വിളിപ്പിച്ച് മാനഭംഗത്തിനിരയാക്കിയതായാണ് അസാറാം ബാപ്പുവിനെതിരായ കേസ്. മദ്ധ്യപ്രദേശിലെ ചിന്ത്വാരയിലെ ബാപ്പുവിന്റെ ആശ്രമത്തിലായിരുന്നു പെൺകുട്ടി പഠിച്ചിരുന്നത്. 2013 ആഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസാറാമിനും കുറ്റക്കാരായ മറ്റു നാലുപേർക്കുമെതിരെ 2013 നവംബർ ആറിന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

2013 ആഗസ്റ്റ് 31 മുതൽ ജയിലിൽ കഴിയുന്ന ബാപ്പുവിനെതിരെ പോക്സോ, ദളിത് പീഡന നിരോധന നിയമം എന്നിവയനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ, 10 വർഷംവരെ തടവുശിക്ഷ ലഭിക്കാം. ഗുജറാത്തിലെ മറ്റൊരു മാനഭംഗക്കേസിലും അസാറാം ബാപ്പു വിചാരണ നേരിടുകയാണ്. ഇതുവരെ 12 ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും സുപ്രിംകോടതി ഉൾപ്പടെയുള്ള വിവിധ കോടതികളിലായി എല്ലാം തള്ളിപ്പോകുകയായിരുന്നു.

മാനഭംഗം, പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2013ലാണ് കേസിനാസ്പദമായ സംഭവം. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അന്യായമായി തടവില്‍ വയ്ക്കല്‍ (ഐപിസി 342), പ്രായപൂര്‍ത്തിയാകാത്തയാളെ ബലാത്സംഗം ചെയ്യുക (ഐപിസി 376(2)(എഫ്), മാനഭംഗം (ഐപിസി 376), സ്ത്രീയുടെ ചാരിത്ര്യത്തിന് കളങ്കംവരുത്തുക (ഐപിസി 354(എ), ഭീഷണിപ്പെടുത്തല്‍ (ഐപിസി 506), കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക (ഐപിസി 109) എന്നീ വകുപ്പുകളാണ് ആറാമിനെതിരെ ചുമത്തിയിരുന്നത്.

ആസാറാമിന്റെ സഹായികളായ ശില്പി, ശിവ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. പ്രതിചേര്‍ക്കപ്പെട്ട ശരദ്, പ്രകാശ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2013 ഓഗസ്റ്റ് 31നാണ് ആസാറാമിനെ അറസ്റ്റു ചെയ്തത്.