രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തോടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വിശദീകരണം തേടി. ആശുപത്രി സൂപ്രണ്ടിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

സംവത്തെക്കുറിച്ച് അന്വേഷിക്കാനും ഇനി ഒരു രോഗിയ്ക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കരാറെടുത്ത ഏജന്‍സിയെക്കെണ്ട് എലി, മൂട്ട, മറ്റു പ്രാണികള്‍ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തര നടപടിയെടുക്കാനും മന്ത്രി അറിയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിക്കുന്നത്.

ബൈക്കപകടത്തില്‍ ഇടതുകാലിന് പരുക്കേറ്റ രാജേഷിനെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. എലി ശല്യം രൂക്ഷമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.