അംഗീകാരങ്ങൾക്കിടയിലും അവഗണിക്കപ്പെടുന്ന കലാകാരി എന്ന സ്ത്രീ

ലിബി. സി.എസ്

രണ്ട് തവണ സംസ്ഥാന അവാർഡ്‌കൾ ലഭിച്ചിട്ടും അക്കാദമിക് ചിത്രകാരന്മാർ അംഗീകരിക്കാൻ കൂട്ടാക്കാത്ത ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ടി. രതീ ദേവി പണിക്കർ ആണ്. ചരിത്രമെഴുതുമ്പോൾ സ്ത്രീസാന്നിധ്യം രേഖപ്പെടുത്തിന്നതിൽ എല്ലാ മേഖലകളിലും എന്നപോലെ ചിത്രകലയിലും പിഴവ് സംഭവിച്ചതിൻറെ ഉത്തമ ഉദാഹരണമായി നമ്മുടെ മുന്നിലുള്ള സ്ത്രീ.

രതീദേവിയുടെ രചനകളെ മറ്റു ചിത്രകാരികളുടേതിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഏറെ ഘടകങ്ങൾ ഉണ്ട്.അതിൽ പ്രധാനമായ ഒന്ന് രതിയുടെ ക്യാൻവാസിൽ ആവിഷ്കരിക്കപ്പെടുന്ന ഇമേജുകളിലെ വൈവിധ്യമാണ്.ആലേഖ്യവും ആലേഖന ശൈലിയും കണ്ട് അതിൻറെ സൃഷ്ടാവ് ഒരു സ്ത്രീയാണ് എന്ന് മാറ്റിനിർത്താനോ അനുമാനിക്കാനോ അവ വഴിയൊരുക്കുന്നില്ല.അങ്ങനെ രതി താൻ തന്നെ സൃഷ്ട്ടിക്കുന്ന ഇമേജുകളിൽകൂടി തൻറെ തന്നെ സ്ത്രീ സ്വത്വം എന്ന ക്ളീഷേ മറികടക്കുന്നു. അതിനർത്ഥം രതീദേവിയുടെ രചനകളിൽ സ്ത്രീ അവസ്ഥകളെ കുറിച്ചുള്ള ജാഗ്രതയും സ്ത്രീ ഇമേജുകളും ഇല്ല എന്നല്ല.

ഹാസ്യാത്മകമെന്ന് തോന്നിക്കുംവിധം മാൻ തലയായി രൂപാന്തരം വന്ന കൂറ്റൻ ലിംഗാഗ്രവുമായി നിൽക്കുന്ന പുരുഷ ഇമേജും നഗ്ന സ്‌ത്രീ ബിംബങ്ങളും അടങ്ങുന്ന സ്‌കെച്ചുകൾ തന്നെ നമ്മുടെ ദൃശ്യബോധത്തെ ഉലയ്ക്കാൻ പര്യാപ്തമാണ്. തിളങ്ങുന്ന മഞ്ഞ പ്രതലത്തിൽ ചമ്രം പടിഞ്ഞിരിക്കുന്ന തവിട്ടുനിറത്തിലുള്ള ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന സമൃദ്ധ ശരീരമുള്ള സ്ത്രീ ബിംബത്തിന് ചുറ്റിലും വീണുകിടക്കുന്ന വിത്തുകളും ഉള്ളിൽനിന്നെന്നപോലെ പറക്കുന്ന പക്ഷികളും ചേർന്ന് സൃഷ്ട്ടിക്കുന്ന ഭാവം ബഹുവിധമായ ഫലഭൂയിഷ്ഠതയുടേതാണ്. അതുപോലെതന്നെ ശ്രദ്ധേയമായ മറ്റൊരു രചനയിൽ അതേ മഞ്ഞ പശ്ചാത്തലത്തിൽ ഫലസിനെ ഓർമ്മിപ്പിക്കുന്ന ഉരുണ്ടിരുന്ന ലംബാകൃതിയും അതിന്മേലുള്ള വെളുത്ത അൻഡാകൃതിയിലുള്ള ഇമേജും രതീദേവിയുടെ സ്ത്രീ പുരുഷ സഹസ്ഥിതിയെ/ ഒരുമിച്ചുള്ള നിലനിൽപ്പിനെക്കുറിച്ചുള്ള ജാഗ്രത തന്നെയാണ്.

എന്നാൽ രതിയുടെ രചനകളെ സ്ത്രീപക്ഷ കള്ളിയിൽ ഒതുക്കി നിർത്താൻ ബഹുഗണങ്ങളായ ബിംബങ്ങൾകൊണ്ടും അവയുടെ വൈവിധ്യംകൊണ്ടും സമ്പന്നമായ അവരുടെ ക്യാൻവാസുകൾ അനുവദിക്കില്ല. ഉദാഹരണമായി പലവെളിച്ചങ്ങളുടെ സ്രോതസിനും ഇരുണ്ട ആകാശത്തെ മുറി ചന്ദ്രനു കീഴെ ചുവന്നു തിളങ്ങുന്ന പശ്ചാത്തലത്തിൽ വിശ്രമത്തിലോ ചിന്തയിലോ മുഴുകിയതുപോലെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ചുവന്ന ഒരാന ഇമേജ്. ആ ആന ഒരുപക്ഷെ കേരളത്തിലെ ഉത്സവങ്ങളെയും പൂരങ്ങളെയും പരിസ്ഥിതിയെയും ഓർമ്മിപ്പിച്ചേക്കാം. അതിലുപരി ആ ആന ബിംബം പൗരാണികമായ ഒരു കാവ്യത്തിൽനിന്ന് ഇറങ്ങിവന്നതുപോലെ ഭൂമിയിലെ എല്ലാ കറുത്ത ആനകൾക്കുംമീതെ ചുവന്ന സ്വരൂപമായി ഇരിക്കുന്നു. ചുവന്ന ആനയുടെ അസാധാരണമായ ‘ആനത്തരം’ക്യാൻവാസിൽ ജീവത്തായി നിൽക്കുന്നു.

‘പാസ്‌വേഡ് ‘ സീരിസ്,Golden flag staff സീരിസ്, തുടങ്ങി വിപുലമായ പഠനം ആവശ്യപ്പെടുന്ന വിധം ഗൗരവമുള്ള രചനകൾ പിൽക്കാലത്ത് രതീദേവി ആവിഷ്കരിക്കുകയുണ്ടായി. പാസ്റ്റ് വേർഡ് സീരിസ് പലനിലകളിലും പൊളിറ്റിക്കൽ പ്രസ്താവനകൾ ആണ്. രാഷ്ട്രീയനേതാക്കന്മാരുടെ/ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിന്റെ അസത്യങ്ങളിലേക്ക്, പക്ഷപാതങ്ങളിലേക്ക്, കാഴ്ചക്കാരെ നേർക്കുനേർ നിർത്തുന്ന ഇമേജുകളാണവ.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുചേർന്ന് വീണ്ടും വീണ്ടും സങ്കീർണ്ണമാക്കുന്ന, സഹജീവിയെന്ന / ഒറ്റപ്പെട്ട മനുഷ്യരെന്ന/ നിസ്സഹായരാക്കപ്പെടുന്ന ജീവിതങ്ങളെന്ന, നിലനിൽപ്പിലെ പലവിധ വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുന്ന ഇമേജുകൾ കാഴ്ചക്കാരെ ക്യാൻവാസിലെ ദൃശ്യങ്ങൾക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നു. തിളങ്ങുന്ന മുത്തുകൾ പതിച്ച മുഖപടമിട്ട നിലയിൽ പലകോണുകളിൽ നിന്നും കാണപ്പെടുന്ന വിധം,പല രൂപഭാവത്തിൽ വിന്യസിക്കപ്പെട്ട പരിഷ്കാരികളായ സ്ത്രീ പുരുഷന്മാർ രതിദേവിയുടെ ബൃഹത്തായ ഒറ്റയൊറ്റ ക്യാൻവാസുകളിൽ പ്രത്യക്ഷപ്പെടുന്നു.

രാജാരവിവർമ്മയുടെ പ്രസിദ്ധമായ ‘അച്ഛൻ വരുന്നു’ എന്ന ചിത്രത്തിൻറെ ഒരു സ്വതന്ത്ര പരിഭാഷ എന്നപോലെയാണ് ശിശുവിനെ ഒക്കത്തേന്തിയ അമ്മയും ആകാംക്ഷ പങ്കുവെച്ചുകൊണ്ട് അവരുടെ സമീപത്തിരിക്കുന്ന നായയും അടങ്ങുന്ന ഫ്രയിം. ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ട, ശൈലീകരിക്കപ്പെട്ട മൂന്ന് ഇമേജുകളും തങ്ങളുടെ ഇൻവിസിബിൾ യജമാനൻറെ പ്രത്യക്ഷപ്പെടൽ കാത്തുനിൽക്കുകയാണ്. രവിവർമ്മ ചിത്രത്തിൽനിന്ന് രതീദേവിയുടെ ചിത്രം ആവിഷ്കാര ശൈലിയിൽ മാത്രമല്ല അതിൻറെ ആന്തരീക അർത്ഥ ധ്വാനികളിലും ഭിന്നമായിരിക്കുന്നു.കൂടുതൽ പുറം പൂച്ചിലും യന്ത്രികതയിലും ആണ് പുറമേ തിളങ്ങുന്ന, ഒരു സാമൂഹിക ഗണം എന്ന നിലയിൽ കേരളത്തിലെ, ലോകത്തിലെ തന്നെ കുടുംബ/ സ്ത്രീ പുരുഷ ബന്ധങ്ങളുടെ നിലനിൽപ്പ്.

തിളങ്ങുന്ന മുത്തുവെച്ച മുഖാവരണവുമായി ലോകാനുഗ്രഹം നടത്തുന്ന മട്ടിലുള്ള മുദ്രകാട്ടി നിൽക്കുന്ന ഒബാമ മുതൽ കാഴ്ചക്കാർക്ക് (നിലനിൽക്കുന്ന നിർമ്മിക്കപ്പെട്ട പൊതു ധാരണയനുസരിച്ചു) ഭീകരവാദികൾ എന്നോ ആത്‌മീയ പ്രതീകമെന്നോ ഒക്കെ കാഴ്ചക്കാരോട് തങ്ങളുടെ ഭാവനക്കനുസരിച്ചു സംവദിക്കാൻ രതീദേവിയുടെ രാഷ്ട്രീയ മാനങ്ങളുള്ള ഇമേജുകൾ പ്രേരിപ്പിക്കുന്നു അലങ്കാര സമൃദ്ധമായ മുഖം മൂടികളുമായി നിൽക്കുന്ന സ്ത്രീപുരുഷ ബിംബങ്ങളുടെ ഏകരൂപത (uniformity) ഒരു പക്ഷെ ബഹുഗുണമുള്ള ബഹുഗണങ്ങളായ മനുഷ്യരാശിയടക്കമുള്ള.ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ ഒരു പാസ്‌വേഡിനുള്ളിലേക്കോ കോഡുകൾക്ക് പിന്നിലേക്കോ കേന്ദ്രീകരിക്കുന്നതിൻറെ ഭീകരമായ ഗ്ലോബൽ അധികാര രൂപങ്ങളെക്കൂടി ഓർമ്മിപ്പിക്കുന്നു

രതീദേവിയുടെ രചനകളിൽ പ്രത്യക്ഷപ്പെടുന്ന ബിംബങ്ങൾ അതീവ സൂക്ഷ്മതയോടെയും വിശദാംശങ്ങളിൽ ശ്രദ്ധയൂന്നിയും അർപ്പണമനോഭാവത്തോടെയും ചെയ്യപ്പെട്ടവയാണ്.നമ്മുടെ ചുറ്റുമുള്ള ദൃശ്യ വർണ്ണ പ്രളയങ്ങളുടെ ഇടയിൽ ചിത്രകലയെ വ്യത്യസ്തമായ ഒരനുഭവമാക്കി മാറ്റുന്നതിൽ രതീദേവിക്ക് കഴിയുന്നതും ഈ കൃത ഹസ്തതയും സ്വതന്ത്ര സമീപനങ്ങളും. കൊണ്ടാവാം.