ശമ്പളം നൽകിയില്ല; അച്ചൻകോവിലിൽ വനം വകുപ്പിലെ ആദിവാസി വാച്ചർ തൂങ്ങിമരിച്ചു

ശമ്പളക്കുടിശിക കിട്ടാതെ കടംകയറി പൊറുതിമുട്ടിയ വനംവകുപ്പിലെ വാച്ചറായ ആദിവാസി യുവാവ് വനത്തിനുള്ളിൽ തൂങ്ങിമരിച്ചു.അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിലെ കാനയാറിൽ ജോലി ചെയ്തിരുന്ന മുതലത്തോട് ആദിവാസി കോളനിയിലെ ശശിയാണ് (40) മരിച്ചത്.

അച്ചൻകോവിലിൽ നിന്ന് 35 കിലോമീറ്റർ ഉൾവനത്തിലെ പുളിഞ്ചി വനമേഖലയിലെ മരത്തിൽ ഞായറാഴ്ച വൈകിട്ടാണ് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അന്ന് ഉച്ചയ്ക്ക് 12.30 ഓടെ അച്ചൻകോവിൽ ഫോറസ്റ്റ് ഓഫീസിലെത്തിയ ശശി ഉദ്യോഗസ്ഥരോട് ശമ്പളക്കുടിശിക ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഏറെനേരെ സംസാരം നടന്നതായി സമീപവാസികളും പറയുന്നു.

തുടർന്ന് ശശി ജംഗ്ഷനിൽ എത്തിയപ്പോൾ കടം വാങ്ങിയ സാധനങ്ങളുടെ കാശ് വ്യാപാരികൾ ആവശ്യപ്പെട്ടു. ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചില്ലെന്നും എല്ലാം ശരിയാക്കാമെന്നും പറഞ്ഞ് ഭാര്യ ഷൈലജയുമൊത്ത് കാട്ടിലേക്ക് മടങ്ങി. വനവിഭവങ്ങൾ ശേഖരിക്കാൻ ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞു. വൈകിട്ടോടെ മടങ്ങിയെത്തിയ ഭാര്യ ശശി മരത്തിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

കോന്നി പൊലീസും വനപാലകരും പുളിഞ്ചി വനമേഖലയിലെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കൊല്ലം സി.സി.എഫ് വിജയാനന്ദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

മാസങ്ങളായി ജോലി ചെയ്തതിന്റെ ശമ്പളം ലഭിക്കാനുണ്ടെന്നും ചെക്ക് മാറിയാൽ പകുതി തുകയേ ഉദ്യോഗസ്ഥർ നൽകിയിരുന്നുള്ളുവെന്നും ശശി നിരവധി തവണ പരാതി പറഞ്ഞിരുന്നു. കടം മൂലം പുറത്തിറങ്ങാൻ കഴിയാതായ മനോവിഷമത്തിലാകും ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. മെന്ന് ബന്ധുക്കളും ദളിത് സംഘടനകളും ആവശ്യപ്പെട്ടു.

അച്ചൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ബാബുവും മരിച്ച ശശി തനിക്ക് ശമ്പളം നാലാകാത്തതിനെ കുറിച്ച് നിരവധി തവണ പരാതി പറഞ്ഞിരുന്നതായി പറയുന്നു.

എന്നാൽ വനംവകുപ്പിൽ വാച്ചറായി ജോലി ചെയ്യുന്ന ആദിവാസിയായ ശശിക്ക് ഫെബ്രുവരി മാസം വരെയുള്ള ശമ്പളം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അച്ചൻകോവിൽ ഡി.എഫ്.ഒ,സന്തോഷ് പറയുന്നു.