പിണറായിയിലെ കൂട്ടക്കൊല; സൗമ്യയുടെ രണ്ട് കാമുകന്‍മാര്‍ക്കും പങ്കെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍

പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്‌ക്ക്‌ രണ്ട് കാമുകന്‍മാരുടെ സഹായം ലഭിച്ചെന്ന നിഗമനത്തില്‍ പൊലീസ്. ഇവരെ ഉടന്‍ അറസ്‌റ്റ്‌ ചെയ്തേക്കും. സൗമ്യയുടെ കാമുകരായ ഇരുവരും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതിച്ചതായാണു സൂചന. മകള്‍ ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സൗമ്യയെ നാലുദിവസം കൂടി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്‌. ഇവരുടെ ഫോണ്‍ സംഭാഷണം പരിശോധിച്ചതില്‍ നിന്ന്‌ പോലീസിന്‌ വ്യക്‌തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എലിവിഷം കൊടുക്കാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ സൗമ്യയ്‌ക്ക്‌ നല്‍കിയതായാണ്‌ പോലീസ്‌ കണ്ടെത്തല്‍.

ഒരാള്‍ സൗമ്യയെ കൊണ്ടു പോകുന്ന 23 വയസുള്ള കാര്‍ ഡ്രൈവറും, മറ്റൊരാള്‍ പിണറായിയിലെ തന്നെ 65 കാരനുമാണെന്നാണ്‌ വിവരം. കൊലപാതകം നടന്ന ദിവസങ്ങളിലും അതിനുമുമ്പും സൗമ്യ ഏറ്റവും കൂടുതല്‍ ഫോണില്‍ സംസാരിച്ചത്‌ 23 വയസുകാരനായ കാമുകനോടായിരുന്നുവെന്നും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇളയ മകളുടെ കൊലപാതകത്തില്‍ ഭര്‍ത്താവ്‌ കിഷോറിന്‌ പങ്കുണ്ടെന്ന്‌ സൗമ്യ പോലീസിന്‌ മൊഴി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ അയാളെ ചോദ്യം ചെയ്‌തിരുന്നെങ്കിലും ഇത്‌ സാധൂകരിക്കാനായിരുന്നില്ല. കേസ്‌ വഴിതിരിച്ച്‌ വിടാനും കാമുകന്മാരെ രക്ഷിക്കാനുമുള്ള സൗമ്യയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും പോലീസ്‌ സംശയിക്കുന്നു.

കൊലപാതകത്തില്‍ മറ്റുള്ളവരുടെ പങ്കിനെ കുറിച്ച്‌ പലവട്ടം പോലീസ്‌ ചോദിച്ചുവെങ്കിലും താന്‍ മാത്രമാണ്‌ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിതുമെന്നായിരുന്നു സൗമ്യയുടെ മൊഴി. എന്നാല്‍ സഹായമോ പ്രേരണയോ ഇല്ലാതെ ഇത്തരം ക്രൂരമായ കൊലപാതകം നടത്താന്‍ സൗമ്യക്ക്‌ കഴിയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

സൗമ്യയെ വീണ്ടും കോടതി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടതോടെ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും. 10 ന്‌ വൈകിട്ട്‌ 4 ന്‌ കോടതിയില്‍ ഹാജരാക്കാനാണ്‌ നാലുദിവസത്തേക്കു കസ്‌റ്റഡിയില്‍ വിട്ടുകൊടുത്ത കോടതി ഉത്തരവ്‌. അമ്മ കമല, അച്‌ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തലശേരി സി.ജെ.എം കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു.