നിങ്ങളുടെ കൈയ്യൊപ്പോ കൈപ്പാടോ ഒക്കെ പതിപ്പിക്കേണ്ടത് ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ കരണത്തല്ല: വിനീതാ വിജയൻ

നിങ്ങൾ അടിക്കാനോങ്ങിയത്, അപമാനിച്ചത്,ഞങ്ങളെ ഓരോരുത്തരേയുമാണ്…സെക്രട്ടറിയേറ്റിന് മുന്നിൽ സതി അങ്കമാലിക്ക് ഐക്യധാർഢ്യധർണ്ണ

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും പേരിൽ നാടൊട്ടുക്ക് ഫ്ലക്സുകൾ വലിച്ചുകെട്ടുന്ന യുവജനക്ഷേമക്കാരേ…

നിങ്ങളുടെ കൈയ്യൊപ്പോ കൈപ്പാടോ ഒക്കെ പതിപ്പിക്കേണ്ടത് ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ കരണത്തല്ല….
വ്യക്തവും ശക്തവുമായ നിലപാടുകളും സർഗ്ഗാത്മകവും ഇതരങ്ങളുമായ എഴുത്തുകളും ചിന്തകളും കൊണ്ട് ജനതയുടെ ഉറച്ച നാവുകളായി നില നിൽക്കുന്ന ഞങ്ങളുടെ പെണ്ണുങ്ങൾ, രാഷ്ട്രീയ പാർട്ടിക്കാരുടെ പീച്ചാം കുഴലിലൂടെ ഇലക്ഷൻ തലേന്നുകളിൽ ഊതിയിറക്കിയ കെട്ടുകാഴ്ചകളായ നിങ്ങടെ നേതാത്തികളെപ്പോലെ അത്ര കനം കുറഞ്ഞ മനുഷ്യരല്ല സാറമ്മാരേ…

അഭിപ്രായ/ ആവിഷ്കര സ്വാതന്ത്ര്യത്തിനെന്നും പറഞ്ഞുള്ള വേദിയിൽ കവിയരങ്ങിന് ഒദ്യോഗികമായി ക്ഷണിക്കപ്പെട്ടു വന്നിട്ട്, വേദിയിൽ കയറ്റാതെ സദസ്സിലിരുത്തീട്ട് വേണേൽ ഒന്നാംശസിച്ചിട്ടുപൊയ്ക്കോ എന്ന് നിങ്ങൾ പറയുന്നതു കേട്ട് മിണ്ടാതെ, അവർക്കു നേരെ ഉയർന്ന നിങ്ങളുടെ കൈ, തടയാതെ അവർ തിരിച്ചുപോരുമെന്ന് കരുതിയ നിങ്ങൾ, എന്തു തരം അഭിപ്രായ സ്വാതന്ത്ര്യത്തെയാണീ നാടു തോറും ആവിഷ്കരിച്ചു കൊണ്ടു നടക്കുന്നത്…

സതി അങ്കമാലി, എന്ന ദലിത് സ്ത്രീ, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക, വേദിയിൽ നിങ്ങൾ ക്ഷണിക്കേണ്ടുന്ന ഒരാളായി മാറുന്നത്, ഒരു റാൻഡം സെലക്ഷൻ ഒന്നുമല്ല, അവർ അവിടേക്കെത്തുന്നത്ഒരു ജനതയുടെ സർഗ്ഗാത്മകതയുടെയും പ്രതിരോധത്തിന്റെയും നാവായാണ്, പ്രതീകമായാണ്…

വാക്കാലും ചിന്തയാലും എഴുത്താലും പ്രവൃത്തിയാലും സതി അങ്കമാലിയും മുൻപും പിൻപും ജീവിച്ചു മരിച്ചവരും ജീവിക്കാനായി മരിച്ചവരും ജീവിക്കുന്നവരുമായ അനേകർ പൊരുതിയിട്ടും ജനത കാലാകാലങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന അതേ വിവേചനവും അയിത്തവും അപമാനവും തന്നെയാണ് പൊതുവേദിയിൽ, ഇടത്തിൽ, തെരുവിൽ അവർക്ക് നേരിടേണ്ടി വന്നതെങ്കിൽ, നിങ്ങൾ അടിക്കാനോങ്ങിയത്, അപമാനിച്ചത്,ഞങ്ങളെ ഓരോരുത്തരേയുമാണ്…

ആത്മാഭിമാനത്തോടെ ചെറുത്തു നിന്നതിന്, നാവുയർത്തിയതിന്അഭിപ്രായ ആവിഷ്കാരസ്വാതന്ത്ര്യമെന്നത് പൊറാട്ടുനാടക ഡയലോഗുകളിലല്ല മുഴക്കേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തിയതിന്, ഉള്ളു നിറയേ അഭിമാനം… അംബേദ്കറുടെ പെൺമക്കൾ അങ്ങനെ തന്നെയാണ്, ആവണം..

അപമാനിക്കപ്പെട്ടവൾ ആവശ്യപ്പെടുന്നതെന്തോ അതാണ് പരിഹാരം! അതാണ് നീതി, അതിന് ഒപ്പമുണ്ട്… ഏതറ്റം വരെയും !!