ഐ എസ് ആർ ഒ ചാരക്കേസ്: നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ആസ്തികൾ വിറ്റിട്ടായാലും നൽകണമെന്ന് സുപ്രീം കോടതി

ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. സി.ബി.ഐയുടെ നിലപാട് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേസ് കൈമാറുന്നത് പരിഗണിക്കാമെന്നും വ്യക്തമാക്കി.

ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്,കെ .കെ. ജോഷ്വാ, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായൺ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.നമ്പി നാരായണനെ കേസിൽ കുടുക്കി കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെങ്കിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സി.ബി.ഐ വ്യക്തമാക്കി.

അതേസമയം നമ്പി നാരായണന് നൽകാനുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ആസ്തികൾ വിറ്റിട്ടായാലും നൽകണമെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ നമ്പി നാരായണനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചെന്നും കേസിന് തെളിവു ലഭിച്ചില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാമെന്ന് പറഞ്ഞ സർക്കാർ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാമെന്നും അറിയിച്ചു. നമ്പി നാരായണനെ കേസിൽപെടുത്തിയതിനുള്ള നഷ്ടപരിഹാരം 25 ലക്ഷമായി ഉയർത്തണമെന്ന് നേരത്തെ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

തനിക്ക് വാഗ്ദാനം ചെയ്ത യു.എസ് പൗരത്വം തിരസ്കരിച്ചതിനാണ് തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കിയതെന്ന് ശാസ്ത്രഞ്ജൻ നമ്പി നാരായണൻ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. യു.എസിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ കമ്പസ്റ്റ്യൻ ഇൻസ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയിൽ ഫെലോഷിപ്പ് ലഭിച്ചിരുന്നു. സങ്കീർണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും താൻ അതു വേണ്ടെന്നു വച്ച് നാട്ടിലെത്തി. ഐ.എസ്.ആർ.ഒയിൽ ലിക്വിഡ് പ്രൊപ്പൽഷൻ ടെക്നിക് വിഭാഗത്തിൽ വികാസ് എൻജിൻ വികസിപ്പിക്കുന്നതിൽ പങ്കു വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.