കാഞ്ഞങ്ങാട് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു, സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ ചിറക്കൽ സ്വദേശിയായ പ്രസാദിന്റെ മകൻ ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. സമീപത്തെ ബാറിൽ വച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡൻസി ബാറിൽ വച്ചുണ്ടായ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിർമാണം പൂർത്തിയാവാത്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശൻ മരപ്പലക ഉപോയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും സുഹൃത്തുക്കളാണെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശിഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.