മാഹി ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍ മാഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട കൊലപാതകങ്ങളില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ പി.സദാശിവം റിപ്പോര്‍ട്ട് തേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്്. രണ്ടുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ സ്വമേധയ ആണ് ഗവര്‍ണറുടെ ഇടപെടല്‍.

അതേസമയം സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ബെഹ്‌റ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണത്തില്‍ കേരള പോലീസിന്റെ പൂര്‍ണ സഹകരണം ഉണ്ടെന്നും പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിയുമെന്ന ും പുതുച്ചേരി ഡിജിപി പറഞ്ഞു. പുതുച്ചേരി പോലീസിന്റെ ജീപ്പ് കത്തിച്ച സംഭവത്തിലടക്കം അന്വേഷണം പുരോഗമിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയാണ് മാഹിയില്‍ ന്യൂമാഹിയിലും രാഷ്ര്ടീയ കൊലപാതകം നടന്നത്. സിപിഎം പ്രാദേശിക നേതാവ് ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജുമാണ് മരിച്ചത്. ബാബുവിനെ പത്തംഗ സംഘവും ഷമേജിനെ എട്ടംഗ സംഘവുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്