ചരിത്ര മുഹൂർത്തം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കഴിഞ്ഞു

ലോകത്തിന് തന്നെ മാതൃകയായി കേരളത്തില്‍ രാജ്യത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം നടന്നു. എല്ലാവരും തുല്യരാണെന്നോര്‍മ്മിപ്പിച്ച് ഇഷാന്‍ സൂര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. കേരളത്തിലാദ്യമായാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടു പേര്‍ വിവാഹിതരാകുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. നൂറു കണക്കിന് ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഈ അഭിമാന നിമിഷത്തിന് സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ആശംസയുമായെത്തിയിരുന്നു.

കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യം പ്രതികരിച്ചു.