എ.വി.ജോർജിനെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്, നടപടിക്ക് ശുപാർശ

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ ആലുവ റൂറൽ എസ്.പി എ.വി.ജോർജിനെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എസ്.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) സംസ്ഥാന പൊലീസ് മേധാവിയുടെയും സർക്കാരിന്റെയും അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. പലപ്പോഴും നിയമാനുസൃതമായിരുന്നില്ല സംഘത്തിന്റെ പ്രവർത്തനം. മാത്രവുമല്ല ഈ സംഘത്തിനെ മുപ്പതിലധികം തവണ എസ്.പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സംഘം തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായാണ് വിവരം. എ.വി.ജോർജിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

അതേസമയം, ജോർജിനെതിരെ നിർണായകമായ പത്തിലധികം തെളിവുകൾ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ചതായാണ് സൂചന. അന്വേഷണ വിധേയമായി എസ്.പി എ.വി ജോർജിനെ സസ്പെൻഡ് ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. തൃശൂർ പൊലീസ് അക്കാഡമിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ് ഇപ്പോൾ ഇദ്ദേഹം.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന റൂറൽ ടൈഗർ ഫോഴ്സിനെ (ആർ.ടി.എഫ്) ജോർജ് വഴിവിട്ട് സഹായിച്ചതിനുള്ള തെളിവുകൾ പ്രത്യേകാന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, പ്രതികളാണെന്നറിഞ്ഞിട്ടും കുറ്റവാളികളായ പൊലീസുകാരെ കേസിൽ നിന്ന് ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് ജോർജിനെതിരായ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചത്. ശ്രീജിത്തിന്റെ മരണത്തിൽ ജോർജിന്റെ ഇടപെടലിനെക്കുറിച്ച് ആഴത്തിൽ വിവരങ്ങൾ ശേഖരിക്കാൻ ഐ.ജി നിർദ്ദേശിച്ചിട്ടുണ്ട്.

എസ്.പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് പറവൂർ സി.ഐ ക്രിസ്പിൻ സാം നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം എസ്.പിയിലേക്ക് തിരിഞ്ഞത്. യാത്ര അയപ്പ് വേളയിൽ ജോർജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഇന്റലിജൻസ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്ക് അനുകൂലമായാണ് എസ്.പിയുടെ പ്രസംഗമെന്നും കണ്ടെത്തി.