പൊതുജനത്തിനു പോലീസിനെ ഭയന്ന് വീട്ടിൽ കിടന്ന് ഉറങ്ങാനാവില്ലെന്ന് തെളിയിച്ച് വീണ്ടും പോലീസിന്റെ ക്രൂരത

വീണ്ടും പോലീസ് അഴിഞ്ഞാടുന്നു.സർക്കാരിന് പോലീസിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടുകഴിഞ്ഞു എന്ന ആരോപണം അടിസ്ഥാനരഹിതമല്ല എന്ന് തെളിയിക്കുന്ന സംഭാവനകളാണ് സംസ്ഥാനത്ത് അനുദിനം അരങ്ങേറുന്നത്. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ആളെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി അറസ്റ്റു ചെയ്തു. ഓട്ടിസം ബാധിച്ച മകനൊപ്പം ഉറങ്ങിക്കിടന്ന യുവാവിനെയാണ് പോലീസ് സംഘം വലിച്ചിറക്കികൊണ്ടുപോയത്. ജാമ്യ ഉത്തരവ് കാണിച്ചെങ്കിലും വലിച്ചെറിയുകയാണ് പോലീസ് ചെയ്തത്.വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് ഒന്നാകെ നാണക്കേടില്‍ തലകുനിഞ്ഞിരിക്കേയാണ് സർക്കാരിനെ വകവെക്കാതെ വീണ്ടും ഇത്തരം വിവാദ നടപടികളുമായി ​പോലീസ് മുന്നോട്ട് പോകുന്നത്.

കരുനാഗപള്ളി സ്വദേശി സൗന്തനെയാണ് പോലീസ് പുലര്‍ച്ചെ ഒന്നരയോടെ വീട് ഇടിച്ചുതുറന്ന് അറസ്റ്റ് ചെയ്തത്. ജാമ്യ ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് അപമാനിച്ച് ഇറക്കിവിട്ടു. ഇത്തരം കാര്യങ്ങള്‍ ഇവിടെ പറയേണ്ടെന്നും ഇത് കോടതിയല്ലെന്നും പുലര്‍ച്ചെ വരാനുമായിരുന്നു പോലീസിന്റെ നിലപാട്. പുലര്‍ച്ചെ അഞ്ചു മണിയോടെ അഭിഭാഷകനുമായി എത്തിയപ്പോള്‍ രണ്ട് ആള്‍ജാമ്യത്തിലാണ് പോലീസ് സൗന്തനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.

സംഭവത്തില്‍ സൗന്തന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച കാര്യം അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ മറുപടി. മുന്‍കൂര്‍ ജാമ്യം നേടിയ ആളോട് സ്വീകരിക്കേണ്ട ഒരു നടപടിയും പാലിക്കാതെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഒരു ബന്ധുവുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സൗന്തന്റെ അറസ്റ്റില്‍ കലാശിച്ചത്. കരുനാഗപ്പള്ളി സ്‌റ്റേഷനിലെ എസ്.ഐ മനാഫിന്റെ നേതൃത്വത്തിലാണ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതെന്ന് സൗന്തന്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചകാര്യം നേരത്തെ പോലീസിനെ അറിയിച്ചപ്പോള്‍ കാര്യമാക്കിയില്ല. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥര്‍ തന്റെ വീടിനു പരിസരത്ത് എത്തിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറി അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും സൗന്തന്‍ പരാതിയില്‍ പറയുന്നു.