കൂലിയെച്ചൊല്ലി തർക്കം: പാലക്കാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കൂലിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചെർപ്പുളശേരിയിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ അനിൽ ഫാഹിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുവായ ധർമരാജ് ഫാഹിനയെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ധർമ്മരാജ് ഫാഹിനയുടെ കീഴിലായിരുന്നു അനിൽ ജോലി ചെയ്തിരുന്നത്. ശമ്പളത്തെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്ത തന്നെ തർക്കമുണ്ടായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലിരുന്ന് ഇരുവരും ഇന്നലെ മദ്യപിക്കുന്നതിനിടെ ശന്പളക്കാര്യം പറഞ്ഞ് വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ ധർമരാജ് അനിലിനെ പിടിച്ച് തള്ളുകയും അയാൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീഴുകയുമായിരുന്നു.

ധർമ്മരാജിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അനിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകും.