ശക്തമായ മഴയിലും കാറ്റിലും നെടുമ്പാശേരിയിൽ വിമാനം നിയന്ത്രണം തെറ്റി, ഒഴിവായത് വൻ ദുരന്തം

ശക്തമായ മഴയിലും കാറ്റിലും പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന്റെ നിയന്ത്രണം തെറ്റി. റൺവേയുടെ മദ്ധ്യഭാഗത്ത് നിന്നും തെന്നി മാറിയ വിമാനത്തെ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിൽ പെടുത്താതെ രക്ഷിച്ചത്. തുടർന്ന് യാത്രക്കാരെ പോലും അറിയിക്കാതെ വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

കൊളംബോയിൽ നിന്നും ഇരുന്നൂറോളം യാത്രക്കാരുമായി ഞായറാഴ്ച വൈകിട്ട് നാലോടെയെത്തിയ വിമാനം റൺവേയിൽ ഇറങ്ങുമ്പോൾ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. അതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് പൈലറ്റ് ലാൻഡിംഗിനൊരുങ്ങിയത്. എന്നാൽ അതിശക്തമായ കാറ്റ് വിമാനത്തെ റൺവേയുടെ മദ്ധ്യഭാഗത്ത് നിന്നും തെന്നിമാറ്റി. വിമാനത്തിന്റെ പിൻഭാഗത്തെ ഒരു ടയർ ചെളിയിൽ പുതയുന്ന അവസ്ഥയിലുമെത്തി. എന്നാൽ ഇതിന് മുമ്പ് തന്നെ പൈലറ്റ് വിമാനം വെട്ടിച്ച് മാറ്റി. തുടർന്ന് വിമാനത്തെ സുരക്ഷിതമായി പാർക്കിംഗ് ബേയിലെത്തിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിൽ പരിശോധന നടത്തേണ്ടതിനാൽ വിമാനം പുറപ്പെടാൻ വൈകും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.