ഹൈദരാബാദും ചെന്നൈയും നേര്‍ക്കു നേര്‍; ഐ പി എല്‍ കലാശക്കൊട്ട് ഇന്ന്

ഐ.പി.എല്‍. ക്രിക്കറ്റ്‌ പതിനൊന്നാം സീസണിന്റെ ഫൈനല്‍ ഇന്നു നടക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സും ഹൈദരാബാദ്‌ സണ്‍ റൈസേഴ്‌സും തമ്മിലാണു പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദ്‌ സണ്‍ റൈസേഴ്‌സിനെ തോല്‍പ്പിച്ചാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ കടന്നത്‌. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പ്പിച്ചതോടെയാണ്‌ സണ്‍ റൈസേഴ്‌സിനു ഫൈനലില്‍ കളിക്കാനായത്‌. വാങ്കഡെ സ്‌റ്റേഡിയത്തിലാണു മത്സരം.

ടോസ്‌ നേടുന്ന ടീം ആദ്യം ബാറ്റ്‌ ചെയ്യാനാകും സാധ്യത. ഒന്നാം ക്വാളിഫയര്‍ കഴിഞ്ഞു നാലു ദിവസത്തെ വിശ്രമം ലഭിച്ചതിന്റെ മുന്‍തൂക്കം സൂപ്പര്‍ കിങ്‌സിനുണ്ട്‌. ഹൈദരാബാദ്‌ സണ്‍ റൈസേഴ്‌സ് താരങ്ങള്‍ കൊല്‍ക്കത്തയില്‍നിന്ന്‌ ഇന്നലെ വൈകിട്ടാണു മുംബൈയിലെത്തിയത്‌. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സൂപ്പര്‍ കിങ്‌സ് 140 റണ്‍ പിന്തുടര്‍ന്നു നേടുകയായിരുന്നു.

പതിനൊന്നാം സീസണില്‍ സൂപ്പര്‍ കിങ്‌സിനെതിരേ കളിച്ച മൂന്നു മത്സരങ്ങളിലും തോല്‍വി പിണഞ്ഞ ചരിത്രവുമായാണ്‌ സണ്‍റൈസേഴ്‌സ് ഫൈനലിനിറങ്ങുന്നത്‌. അഫ്‌ഗാന്‍ താരം റാഷിദ്‌ പ്രകടന മികവ്‌ തുടര്‍ന്നാല്‍ കിരീടം അവര്‍ക്ക്‌ അന്യമാകും. ഒന്നാം ക്വാളിഫയറില്‍ നായകന്‍ എം.എസ്‌. ധോണിയുടെയും ഡെ്വയ്‌ന്‍ ബ്രാവോയുടെയും വിക്കറ്റെടുത്ത റാഷിദ്‌ സൂപ്പര്‍ കിങ്‌സിനെ ആറിന്‌ 62 റണ്ണെന്ന നിലയിലേക്കു തള്ളിയിട്ടിരുന്നു.

മീഡിയം പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ്‌ കൗള്‍ എന്നിവര്‍ റാഷിദിനു പിന്തുണയുമായി രംഗത്തുണ്ട്‌. വെസ്‌റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കാര്‍ലോസ്‌ ബ്രാത്‌വെയ്‌റ്റിനെയും സൂപ്പര്‍ കിങ്‌സ് പേടിക്കണം. നൈറ്റ്‌റൈഡേഴ്‌സിനെതിരേ ബ്രാത്‌വെയ്‌റ്റ് 43 റണ്ണുമായി പുറത്താകാതെ നിന്നിരുന്നു. മത്സരത്തിന്റെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ വിന്‍ഡീസ്‌ താരം രണ്ട്‌ വിക്കറ്റെടുക്കകയും ചെയ്‌തു.

ഓപ്പണര്‍മാരായ നായകന്‍ കെയ്‌ന്‍ വില്യംസണും ശിഖര്‍ ധവാനും മികച്ച ഫോം തുടരുന്നതും അനുകൂലഘടകമാണ്‌. മധ്യനിര പ്രതീക്ഷയ്‌ക്കൊത്തുയരാത്തതാണു തലവേദന. നായകന്‍ എം.എസ്‌. ധോണിയും ടോപ്‌ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരായ ഷെയ്‌ന്‍ വാട്‌സണ്‍, സുരേഷ്‌ റെയ്‌ന, അമ്പാട്ടി റായിഡു, ഡെ്വയ്‌ന്‍ ബ്രാവോ എന്നിവരുടെ മികവാണു സൂപ്പര്‍ കിങ്‌സിന്റെ കരുത്ത്‌.