നിപ്പാ ഭയം; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

നിപ്പാ വൈറസ് ഭീതിയില്‍ കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്. പഴങ്ങളും പച്ചക്കറികളും ഗള്‍ഫിലേക്ക് കയറ്റി അയക്കരുത്. യുഎഇയും ബഹറിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിപ്പോകുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്.

ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. കേരളത്തിലെ ആഭ്യന്തര വിപണിയിലും നോമ്പകാലമായിട്ടും പഴങ്ങള്‍ക്ക് വിലയിടിഞ്ഞിരുന്നു. നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്നും വവ്വാല്‍ കഴിച്ചതിന്റെ ബാക്കി പഴങ്ങള്‍ മനുഷ്യര്‍ കഴിച്ചതിലൂടെയാണ് വൈറസ് പടര്‍ന്നതെന്നുമായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനാ ഫലത്തില്‍ വവ്വാലല്ല നിപ്പായുടെ ഉറവിടമെന്ന് കണ്ടെത്തിയിരുന്നു. ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പേരാമ്പ്ര സൂപ്പിക്കടയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്തത്തിന്റെ സാംപിളുകളാണ് ഭോപ്പാലിലേക്കയച്ചത്.

തുടര്‍ന്നാണ് വൈറസിന്റെ ഉറവിടം മലേഷ്യയാണെന്ന കിംവദന്തി പടര്‍ന്നത്. തുടര്‍ന്ന് നിപ്പാ വൈറസ് ബാധമൂലം മരിച്ച മുഹമ്മദ് സാബിത് മുന്‍പ് നടത്തിയ യാത്രകള്‍ സംബന്ധിച്ച് വടകര റൂറല്‍ എസ്.പി അന്വേഷണം നടത്തുകയും സാബിത്ത് മലേഷ്യയില്‍ യാത്ര ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇന്നു കോഴിക്കോട് നിപ്പാ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു ഒരാള്‍ കൂടി മരിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ഹള്‍ ശക്തമാക്കുമ്പോഴും സോഷ്യല്‍ മീഡിയ വഴി ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്. അതിന്റെ ഭീതിയില്‍ നിന്നുമാണ് കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും വിലക്കിയ ഗള്‍ഫ് രാജ്യങ്ങളുടെ നടപടി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു.