വീണ്ടും ആശങ്ക: നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് റസിന്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.

ഇന്നു രാവിലെ സംസ്ഥാനത്തെ ആശങ്കയില്‍ ആക്കി നിപ്പ വൈറസ് ബാധയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. പാലാഴി സ്വദേശി മധുസൂദനന്‍ (55), മുക്കം കാരശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. മധുസൂദനന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും അഖില്‍ മെഡിക്കല്‍ കോളജിലും വച്ചാണ് മരിച്ചത്. ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരെ കാണുന്നതിന് എത്തിയിരുന്നു. ഇവിടെ നിന്നായിരിക്കാം വൈറസ് ബാധയേറ്റത് എന്നാണ് സംശയിക്കുന്നത്.

അതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കുകൂടി നിപ്പ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് രോഗലക്ഷണവുമായി ഒന്‍പത് പേര്‍ ആശുപത്രിയില്‍ കഴിയുന്നത്.

ഇതിനിടയില്‍, കൊല്‍ക്കത്തയില്‍ മലയാളി സൈനീകന്‍ പനി ബാധിച്ച് തുടര്‍ന്ന് മരിച്ചത് നിപ്പ ബാധയെത്തുടര്‍ന്നാണെന്ന് സംശയമുദിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ സിജു പ്രസാദാണ് മരിച്ചത്. വൈറസ് ബാധ സംശയിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാതെ കൊല്‍ക്കത്തയില്‍ തന്നെ സംസ്‌കരിച്ചു.

അതേസമയം, ഗോവയില്‍ നിപ്പ വൈറസ് സംശയത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് വൈറസ് ബാധയില്ലെന്ന് ഫലം വന്നു. 48 പേരുടെ സാംപിള്‍ പരിശോധനാഫലം നെഗറ്റീവായതോടെ നിപ്പ വൈറസ് ബാധയുടെ കാര്യത്തിലെ ആശങ്കയില്‍ കഴിഞ്ഞ ദിവസമൊരു അയവ് വന്നിരുന്നു.