കെവിനെ കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അന്വേഷണം വഴിതെറ്റിച്ചത് കോട്ടയം എസ്.പി; നീനുവിൻറെ അമ്മയുടെ ബന്ധു

കോട്ടയത്തെ വീട്ടിൽ നിന്നും കെവിനെ കാണാതായ സംഭവത്തിൽ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചത്. കെവിനെ കണ്ടെത്തുന്ന കാര്യത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തിലും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കെവിനെ നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയ ദിവസം മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. ഈ സമയത്താണ് കെവിനെ തട്ടിക്കൊണ്ട് പോയ വിവരം മുഖ്യമന്ത്രി അറിയുന്നത്. ഉടൻ തന്നെ കോട്ടയം എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ച് വരുത്തി കെവിനെ കണ്ടെത്തണമെന്ന് നിർദ്ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

സംഭവത്തിൽ കോട്ടയം ഡി.വൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം മാത്രമാണ് അന്വേഷണ ചുമതല ഡി.വൈ.എസ്.പിയെ ഏൽപ്പിച്ചത്. മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശിച്ചിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് പിറ്റേന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ എസ്.പിയുടെ തൊപ്പി തെറിച്ചത്.

ഇക്കാര്യത്തിൽ പരാതി കിട്ടിയ ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ തന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് തെറ്റിദ്ധരിപ്പിച്ചതും എസ്.പിയാണെന്നാണ് സൂചന. ഈ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചതും. എന്നാൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സംഘത്തിൽ എസ്.ഐ. ഷിബുവും ഉണ്ടായിരുന്നുവെന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇക്കാര്യം മുഖ്യമന്ത്രിക്ക് തിരുത്തേണ്ടിയും വന്നു.

അതിനിടെ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി എ.എസ്.എെ ബിജു രംഗത്തുവന്നു. നീനുവിന്റെ അമ്മയുടെ ബന്ധുവാണ് മുൻ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ് എന്ന് എ.എസ്.എെ പറഞ്ഞു. ബിജുവിന്റെ അഭിഭാഷകൻ ഏറ്റുമാനൂർ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്. റഫീഖിന്റെ ഈ നിലപാട് പ്രതികളെ സഹായിക്കാനായിരുന്നെന്ന് സംശയവുമുണ്ട്. ഈ സാഹചര്യത്തിൽ എ.എസ്.എെയുടെ ആരോപണം റഫീഖിനെ പ്രതിക്കൂട്ടിൽ ആക്കിയിരിക്കുകയാണ്.

കെവിൻ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വധക്കേസിൽ പ്രതിചേർത്താൽ കോടതിയിൽ നിലനിൽക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം, തട്ടിക്കൊണ്ടു പോകാൻ വന്നവർക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി.