ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

പെട്രോള്‍ ഡീസല്‍ വിലയ്ക്ക് പിന്നാലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭാരം സമ്മാനിച്ചു കൊണ്ട് ഗ്യാസിനും വില കയറുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂടിയത്.

സബ്സിഡിയായി കിട്ടുന്ന തുകയും വർദ്ധിച്ചിട്ടുണ്ട്. ഇനി മുതൽ സിലിണ്ടറിന് 190.60 രൂപ അക്കൗണ്ടിലെത്തും. ഫലത്തിൽ 497.90 രൂപയാണ് സബ്സിഡി സിലിണ്ടറിന്റെ വില.

എണ്ണകമ്പനികൾ നിയന്ത്രണമില്ലാതെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിനിടെയാണ് ജനത്തിന്റെ നടുവൊടിച്ച് പാചകവാതത്തിനും വില വർദ്ധിപ്പിച്ചത്.ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർദ്ധനവാണ് ഇതിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.

ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന് 688.50 രൂപയാകും വില. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് 497.84 രൂപ നല്‍കണം. മൊത്തം വിലയില്‍ 190.60 രുപ സര്‍ക്കാര്‍ സബ്‌സീഡി നല്‍കും. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില 1229.50 രൂപയാകും.

അതേസമയം വില്‍പ്പന നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് ഒരു രൂപ കുറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് നടപടിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് കഴിഞ്ഞ മന്ത്രിസഭായോഗമാണ് വില്‍പ്പന നികുതി വേണ്ടെന്ന് വെച്ചത്. ഇതിലൂടെ വര്‍ഷം 509 കോടി നഷ്ടം സര്‍ക്കാരിനുണ്ടാകും.