തമിഴ്‌നാട്ടിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം: ജെസ്‌നയുടേതെന്ന് സംശയം

കാഞ്ചീപുരത്തെ ചെങ്കൽപേട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കാണാതായ ജെസ്നയുടേതെന്ന് സംശയം. സ്ഥിരീകരണത്തിനായി ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു. ചെങ്കൽപേട്ടിലെ മെഡിക്കൽകോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ മൃതദേഹത്തിൽ കണ്ടെത്തിയ മൂക്കുത്തിയാണ് സംശയം ജനിപ്പിക്കുന്നത്. ജസ്ന മൂക്കുത്തി ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെങ്കൽപേട്ടിനടുത്തെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

പെട്രോളിങ്ങിനിടെ പൊലീസാണ് ഇതാദ്യം കാണുന്നത്. തുടർന്നാണ് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ പൊരുൾ തേടി അന്വേഷണ സംഘം ചെങ്കൽപേട്ടിലേക്ക് തിരിച്ചത്. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ജെസ്നയുടേതാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുകയുള്ളു.<

മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകൾ ജെസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജിൽ രണ്ടാം വർഷ ബി.കോം. വിദ്യാർഥിനിയാണ്. കൊല്ലമുളയിലെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസിൽ എരുമേലി ബസ് സ്റ്റാൻഡിലും എത്തിയ വിദ്യാർഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.