നിപ വൈറസ് ബാധ; ഒാസ്ട്രേലിയയില്‍ നിന്നുളള മരുന്ന് ഇന്നെത്തിക്കും

നിപ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ച് വിജയിച്ചതായി കണ്ടെത്തിയ മരുന്ന് ഇന്ന് രാത്രിയോടെ എത്തിക്കും. ഇതു കൂടാതെ ജപ്പാനില്‍ നിന്നു കൂടി പുതിയ മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും ആരോഗ്യവകുപ്പ് തുടങ്ങിക്കഴിഞ്ഞു.

ഓസ്‌ട്രേലിയയില്‍ നിന്ന് ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് ഇന്നു രാത്രി എത്തുന്നത്. 50 ഡോസ് മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കും. ചികിത്സാമാര്‍ഗ രേഖകള്‍ തയാറാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാകും ഇവ രോഗികള്‍ക്ക് നല്‍കുക.

അതേസമയം ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും എത്തിക്കാന്‍ ശ്രമിക്കുന്നത്. കോഴിക്കോട് 24 മണിക്കൂറിനുള്ളില്‍ മൂന്നു മരണം കൂടി സംഭവിച്ചതോടെയാണ് ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. നിപ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 17 പേരാണ് മരണമടഞ്ഞത്. 18 പേരിലാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. നിപ ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം മൂന്നു പേരാണ് മരിച്ചത്. റസിന്‍ എന്ന യുവാവാണ് ഇന്നലെ മരിച്ചത്.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഇവിടെ ചികിത്സയിലായിരുന്ന രണ്ടു പേര്‍ നിപ ബാധിച്ചു മരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.